Quantcast

നാല് ലക്ഷത്തിലധികം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കി സൗദി; പുതുതായി തൊഴില്‍ വിപണിയിലെത്തി രണ്ട് ലക്ഷം പേര്‍

മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി അഹമ്മദ് അല്‍രാജിയാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്ത് വിട്ടത്

MediaOne Logo

Web Desk

  • Published:

    4 July 2021 5:16 PM GMT

നാല് ലക്ഷത്തിലധികം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കി സൗദി; പുതുതായി തൊഴില്‍ വിപണിയിലെത്തി രണ്ട് ലക്ഷം പേര്‍
X

സൗദിയില്‍ ഈ വര്‍ഷം ഇതുവരെയായി നാല് ലക്ഷത്തിലധികം സ്വദേശികള്‍ക്ക് ജോലി നല്‍കിയതായി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. ജനുവരി മുതല്‍ മെയ് വരെയുള്ള കാലയളവിൽ റെക്കോർഡ് നിയമനമാണ് നടന്നത്. വിദേശികളുടെ കൊഴിഞ്ഞു പോക്കും സ്വദേശിവത്കരണവുമാണ് നടപടികൾ വേഗത്തിലാക്കിയത്. പുതുതായി പഠനവും പരിശീലനവും പൂര്‍ത്തിയാക്കിയ രണ്ട് ലക്ഷം സ്വദേശി യുവതി യുവാക്കള്‍ തൊഴിൽ വിപണിയിൽ ജോലിക്കായി ഇനിയും കാത്തിരിക്കുന്നുണ്ട്.

മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി അഹമ്മദ് അല്‍രാജിയാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്ത് വിട്ടത്. സര്‍ക്കാര്‍ സ്വകാര്യ മേഖലയില്‍ ഈ വര്‍ഷം ഇത് വരെയായി നാല് ലക്ഷത്തി ഇരുപതിനായിരം സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കിയതായി മന്ത്രി വ്യക്തമാക്കി. ജനുവരി മുതല്‍ മെയ് അവസാനം വരെയുള്ള കണക്കുകളിലാണ് ഇത്രയും പേര്‍ തൊഴില്‍ നേടിയത്. ഈ കാലയളവില്‍ രണ്ട് ലക്ഷം പുതിയ തൊഴിലന്വേഷകര്‍ രാജ്യത്തെ തൊഴില്‍ വിപണിയിലേക്കെത്തിയതായും മന്ത്രി പറഞ്ഞു.

രാജ്യത്തെ കാമ്പസുകളില്‍ നിന്നും തൊഴിലധിഷ്ടിത സ്ഥാപനങ്ങളില്‍ നിന്നും പഠനവും പരിശീലനവും പൂര്‍ത്തിയാക്കി ഇറങ്ങിയവരാണ് ഇവര്‍. നമുക്കിപ്പോള്‍ യോഗ്യതയും കഴിവുമുള്ള മനുഷ്യ വിഭവശേഷിയുണ്ട്. അവരുടെ സേവനങ്ങള്‍ രാജ്യത്തിന്റെ സാമ്പത്ത് ഘടനയെ ശക്തിപ്പെടുത്തുന്നതിനുള്ള സംഭാവനകള്‍ വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. രാജ്യം കോവിഡ് മഹാമാരിയെ അതീജീവിച്ചു കഴിഞ്ഞുവെന്നും രാജ്യത്തെ തൊഴില്‍ വിപണി കോവിഡിന് മുമ്പുള്ളതിനേക്കാള്‍ ശക്തമായി തിരിച്ചെത്തിയെന്നും മന്ത്രി അവകാശപ്പെട്ടു. എഞ്ചിനിയറിംഗ് മേഖലയില്‍ നടപ്പിലാക്കിയ സ്വദേശിവല്‍ക്കരണം വഴി 13000ലധികം സ്വദേശികള്‍ക്ക് പ്രയോജനം ലഭിച്ചതായും മന്ത്രി പറഞ്ഞു.

TAGS :

Next Story