Quantcast

അമിതാഭ് ബച്ചനെ സൗദി അറേബ്യ ജോയ് അവാർഡ് നൽകി ആദരിച്ചു

ചലച്ചിത്ര രംഗത്തെ ആജീവനാന്ത സമഗ്ര സംഭാവന മുൻനിര്‍ത്തിയാണ് അവാർഡ്

MediaOne Logo

Web Desk

  • Updated:

    2023-01-22 19:07:19.0

Published:

22 Jan 2023 6:01 PM GMT

അമിതാഭ് ബച്ചനെ സൗദി അറേബ്യ ജോയ് അവാർഡ് നൽകി ആദരിച്ചു
X

ഇന്ത്യൻ സിനിമയിലെ സൂപ്പർ താരം അമിതാഭ് ബച്ചനെ സൗദി അറേബ്യ ജോയ് അവാർഡ് നൽകി ആദരിച്ചു. ചലച്ചിത്ര രംഗത്തെ ആജീവനാന്ത സമഗ്ര സംഭാവന മുൻനിര്‍ത്തിയാണ് അവാർഡ്. വിവിധ മേഖലകളിൽ മികവ് തെളിയിച്ച ഇരുപതോളം പേരെ ചടങ്ങിൽ ആദരിച്ചു.

വിവിധ മേഖലകളിലെ പ്രതിഭകളെ ആദരിക്കാനായി സൗദി ജനറൽ എൻറർടൈമെൻറ് അതോറിറ്റി സംഘടിപ്പിച്ച പുരസ്കാര ചടങ്ങിൻ്റെ മൂന്നാം പതിപ്പിലാണ് അഭിനയ ചക്രവർത്തി അമിതാഭ് ബച്ചനെ ആദരിച്ചത്. റിയാദ് ബോളിവുഡ് സിറ്റിയിലെ ബക്കർ അൽ ഷെദ്ദി തിയറ്ററിൽ എം.ബി.സി ഗ്രൂപ്പുമായി സഹകരിച്ചായിരുന്നു പരിപാടി. മധ്യ പൗരസ്ത്യ മേഖലയിലെ ഏറ്റവും വലിയ പുരസ്‌കാര വേദിയില്‍ വെച്ചാണ് ചലച്ചിത്ര രംഗത്തെ ആജീവനാന്ത സമഗ്ര സംഭാവനക്കുള്ള ജോയ് അവാർഡ് ബോളിവുഡിന്‍റെ സ്വന്തം ബിഗ് ബി ഏറ്റുവാങ്ങിയത്.

സിനിമ, സംഗീത, നാടക, സാമൂഹിക മേഖലയിൽ നിന്നും 200 ഓളം കലാകാരന്മാർ ജോയ് അവാര്‍ഡിനായി മത്സര രംഗത്തുണ്ടായിരുന്നു, ഇതിൽ വിവിധ മേഖലകളിൽ നിന്നായി 20 പേരെയാണ് ഇത്തവണ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. കഴിഞ്ഞ വര്‍ഷമായിരുന്നു മത്സരത്തിലേക്കുള്ള എന്‍ട്രി ക്ഷണിച്ചിരുന്നത്. സൗദി എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ചെയര്‍മാന്‍ തുര്‍ക്കി ആലുശൈഖിൻ്റെ സാന്നിധ്യത്തിലായിരുന്നു അവാര്‍ഡ് നിശ. അറബ് ലോകത്തെയും അന്താരാഷ്ട്ര തലത്തിലെയും പ്രശസ്ത ചലച്ചിത്ര സംവിധായകർ, അഭിനേതാക്കൾ, ഗായകർ, മറ്റ് കലാ കായിക താരങ്ങൾ എന്നിവർക്ക് പുറമെ വിവിധ മേഖലകളിലെ പ്രശസ്ത പ്രതിഭകളുടെ സാന്നിധ്യം കൊണ്ടും വൻ ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായിരുന്നു ചടങ്ങ്. ഇത്രയും പ്രൌഢമായ വേദിയിൽ വെച്ച് ഇത്തരം ഒരു പുരസ്കാരനം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും, ഇതിനായി തന്നെ തെരഞ്ഞെടുത്തതിന് നന്ദിയുണ്ടെന്നും അഭിതാഭ് ബച്ചൻ പറഞ്ഞു.

TAGS :

Next Story