ആയിരം കോടി മരങ്ങള്‍ നട്ടുപിടിപ്പിക്കും; സൗദിയില്‍ ദേശീയ വനവല്‍ക്കരണ പരിപാടിക്ക് തുടക്കം
പാരിസ്ഥിതിക തകര്‍ച്ച മറികടക്കുന്നതിനും കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനും ലക്ഷ്യമിട്ടാണ് പ്രത്യേക പദ്ധതിക്ക് തുടക്കം കുറിച്ചത്.
ദമ്മാം: സൗദിയില്‍ ദേശീയ വനവല്‍ക്കരണ പരിപാടിക്ക് തുടക്കം. ആയിരം കോടി മരങ്ങള്‍ നട്ടുപിടിപ്പിക്കുന്ന പദ്ധതിക്ക് പരിസ്ഥിതി കൃഷി മന്ത്രി അബ്ദുറഹ്മാന്‍ അല്‍ഫദ്‌ലി തുടക്കം കുറിച്ചു. മേഖലയുടെ പാരിസ്ഥിതിക തകര്‍ച്ച മറികടക്കുന്നതിനും കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനും ലക്ഷ്യമിട്ടാണ് പ്രത്യേക പദ്ധതിക്ക് തുടക്കം കുറിച്ചത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നേതൃത്വത്തിലാണ് പദ്ധതി ആവിഷ്‌കരിച്ചത്.
പദ്ധതിയുടെ റോഡ് മാപ്പ് പരിസ്ഥിതി കൃഷി മന്ത്രി പുറത്തിറക്കി. 2030 ആകുമ്പോഴേക്കും ആയിരം കോടി മരങ്ങള്‍ നട്ട് പിടിപ്പിക്കുകയാണ് ലക്ഷ്യം. മരങ്ങള്‍ക്കാവശ്യമായ സുസ്ഥിര ജലസേചനത്തിനും രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. പ്രത്യേക ഇനത്തില്‍പ്പെട്ടതും ജൈവിക വ്യവസ്ഥിതിയുമായും കാലാവസ്ഥയുമായും പൊരുത്തപ്പെടുന്ന മരങ്ങളാണ് നട്ടുപിടിപ്പിക്കുക.
പദ്ധതിയിലൂടെ നാല്‍പത് ദശലക്ഷം ഹെക്ടര്‍ വനവല്‍ക്കരണം പുനസൃഷ്ടിക്കും. ഗ്രീന്‍ സൗദി, ഗ്രീന്‍ മിഡില്‍ ഈസ്റ്റ് സംരംഭങ്ങള്‍ വഴി വമ്പന്‍ മാറ്റങ്ങളാണ് മേഖലയില്‍ പ്രതീക്ഷിക്കുന്നത്. സംരംഭങ്ങള്‍ വഴി മേഖലയുടെ പാരിസ്ഥിതിക തകര്‍ച്ച പരിഹരിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനം മറികടക്കുന്നതിനും ലക്ഷ്യമിടുന്നുണ്ട്.
Adjust Story Font
16