മൊറോക്കോ ഭൂകമ്പ ബാധിതരെ സാഹായിക്കാൻ എയർബ്രിഡ്ജ് സ്ഥാപിക്കാനൊരുങ്ങി സൗദി
കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെൻ്ററിനാണ് ഭരണാധികാരികളുടെ നിർദേശം.
മൊറോക്കോയിലെ ഭൂകമ്പ ബാധിതരെ സഹായിക്കുന്നതിന് എയർബ്രിഡ്ജ് സ്ഥാപിക്കാൻ സൗദി രാജാവും കിരീടാവകാശിയും നിർദേശം നൽകി. കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെൻ്ററിനാണ് ഭരണാധികാരികളുടെ നിർദേശം. കൂടാതെ രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതിനു പ്രത്യേക സംഘങ്ങളെ അയക്കുമെന്നും അധികൃതർ അറിയിച്ചു. ദുരിതബാധിതരായ മൊറോക്കൻ ജനതയ്‌ക്കൊപ്പം നിൽക്കാനും ദുരന്തബാധിതരെ സഹായിക്കാനുമുള്ള സൗദി രാജാവിൻ്റെയും കിരീടാവകാശിയുടേയും തീക്ഷ്ണമായ താൽപര്യമാണ് എയർബ്രിഡ്ജ് സ്ഥാപിക്കുവാനുള്ള നിർദേശത്തിന് പിന്നിലെന്ന് റോയൽ കോർട്ട് ഉപദേഷ്ടാവും കെഎസ്‌ആർ റിലീഫ് ജനറൽ സൂപ്പർവൈസറുമായ ഡോ. അബ്ദുല്ല അൽ റബീഅ പറഞ്ഞു.
വെള്ളിയാഴ്ച രാത്രിയുണ്ടായ ഭൂകമ്പത്തിൽ ഇത് വരെ രണ്ടായിരത്തി അഞ്ഞൂറോളം ആളുകൾ മരണപ്പെടുകയും ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. കൂടാതെ വൻ നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തു. എയർബ്രിഡ്ജ് സ്ഥാപിക്കുന്നതിലൂടെ സൗദിയിൽ നിന്നു മൊറോക്കോയിലേക്ക് ആവശ്യാനുസരണം സഹായമെത്തിക്കാൻ സാധിക്കും. രക്ഷാ പ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും പങ്കാളികളാകുന്നതിന് സിവിൽ ഡിഫൻസിലെ സൗദി സെർച്ച് ആൻഡ് റെസ്‌ക്യൂ ടീമിനെയും മൊറോക്കോയിലേക്കയക്കും. കൂടാതെ സൗദി റെഡ് ക്രസന്റ് അതോറിറ്റിയുടെ നേതൃത്വത്തിൽ കെഎസ്ആർ റിലീഫിന്റെ പ്രത്യേക സംഘത്തെയും അയക്കുമെന്നും ഡോ. അബ്ദുല്ല അൽ റബീഅ പറഞ്ഞു.
Adjust Story Font
16