സൗദി സ്ഥാപക ദിനാഘോഷത്തിന് തുടക്കം; ഫെബ്രുവരി 22 ന് അവധി
1932 ൽ അബ്ദുൽ അസീസ് അൽ സൗദ് രാജാവിന്റെ കീഴിൽ മൂന്നാം ഘട്ട സൗദി സംസ്ഥാപനത്തിന്റെ ഏകീകരണത്തെ സൂചിപ്പിക്കുന്നതാണ് സൗദി ദേശീയ ദിനം.
സൗദി അറേബ്യ: മൂന്ന് നൂറ്റാണ്ടിന്റെ ചരിത്ര പാരമ്പര്യമാഘോഷിക്കുന്ന സൗദിയുടെ സ്ഥാപക ദിന ആഘോഷങ്ങൾക്ക് തുടക്കമായി. ഒരാഴ്ച നീളുന്ന ആഘോഷം സൗദിയുടെ എല്ലാ പ്രവിശ്യകളിലുമുണ്ടാകും. രാജ്യത്തെ എല്ലാ സ്ഥാപനങ്ങൾക്കും നാളെ പൊതു അവധിയാണ്.
കഴിഞ്ഞ വർഷം മുതൽ ആഘോഷിക്കാനാരംഭിച്ച സൗദി സ്ഥാപക ദിനം ഈ വർഷം മുതൽ വിപുലമാക്കുകയാണ്. സ്ഥാപക ദിനമായ ഫെബ്രുവരി 22 ബുധനാഴ്ച ഔദ്യോഗിക അവധിയാണ്. വ്യാഴാഴ്ച സ്വകാര്യ മേഖലയിലെ കൂടുതൽ സ്ഥാപനങ്ങൾ ജീവനക്കാർക്ക് അവധി നൽകിക്കഴിഞ്ഞു. ഇതോടെ ചിലർക്ക് തുടരെ നാല് ദിനം ആഘോഷമാണ്.
റിയാദ് ജിദ്ദ ദമ്മാം എന്നിവക്ക് പുറമെ സൗദിയിലെ എല്ലാ പ്രവിശ്യകളിലും ആഘോഷമുണ്ട്. ജനറൽ എന്റർടെയ്‌മെന്റ് അതോറിറ്റി പരിപാടികളുടെ വിശദമായ പട്ടിക പുറത്ത് വിട്ടിട്ടുണ്ട്. മൂന്ന് നൂറ്റാണ്ടുകൾക്ക് മുമ്പ് 1727 ൽ ഇമാം മുഹമ്മദ് ബിൻ സൗദിന്റെ നേതൃത്വത്തിൽ റിയാദിലെ ദിരിയ്യ ആസ്ഥാനമായി ആദ്യത്തെ സൗദി രാഷ്ട്രം സ്ഥാപിതമായതാണ് ഫൗണ്ടിങ് ഡേ ആയി ആഘോഷിക്കുന്നത്.
1932 ൽ അബ്ദുൽ അസീസ് അൽ സൗദ് രാജാവിന്റെ കീഴിൽ മൂന്നാം ഘട്ട സൗദി സംസ്ഥാപനത്തിന്റെ ഏകീകരണത്തെ സൂചിപ്പിക്കുന്നതാണ് സൗദി ദേശീയ ദിനം. ഇത് എല്ലാ വർഷവും സെപ്റ്റംബർ 23-ന് ആണ് ആഘോഷിക്കാറുള്ളത്. ദേശീയ ദിനം പോലെ തന്നെ സൗദിയിൽ ആഘോഷ ദിനമാവുകയാണ് സ്ഥാപക ദിനം. രാഷ്ട്രത്തിന്റെ ചരിത്രവും പൈതൃകവും ഓർമിക്കുന്ന ദിനത്തിന്റെ ഭാഗമാവുകയാണ് സൗദി പ്രവാസികളും.
Adjust Story Font
16