17 മാസങ്ങള്‍ക്ക് ശേഷം സൗദി അറേബ്യ വീണ്ടും ടൂറിസ്റ്റ് വിസകൾ അനുവദിച്ച് തുടങ്ങി
അതേസമയം ഇന്ത്യയുള്‍പ്പെടെയുള്ള റെഡ് ലിസ്റ്റ് കാറ്റഗറിയിലുള്ള രാജ്യങ്ങളില് നിന്നുള്ളവര്‍ക്ക് പ്രവേശനം അനുവദിച്ചു തുടങ്ങിയിട്ടില്ല.
ഒന്നരവർഷത്തിന് ശേഷം സൗദി അറേബ്യ വീണ്ടും പുതിയ ടൂറിസ്റ്റ് വിസകൾ അനുവദിച്ച് തുടങ്ങി. വിനോദ സഞ്ചാരികള്‍ക്ക് വിമാനത്താവളങ്ങള്‍ വഴിയും കരാതിര്‍ത്തികള്‍ വഴിയും ഇന്നു മുതല്‍ പ്രവേശനം അനുവദിച്ചു തുടങ്ങിയതായി സിവില് ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. രാജ്യത്ത് അംഗീകരിച്ച വാക്സിന്‍ എടുത്ത വിനോദസഞ്ചാരികള്‍ക്കാണ് പ്രവേശനമനുവദിക്കുക.
17 മാസങ്ങള്‍ക്കു ശേഷമാണ് സൗദി അറേബ്യ വീണ്ടും വിനോദ സഞ്ചാരികളെ സ്വീകരിച്ചു തുടങ്ങിയത്. ടൂറിസം മന്ത്രാലയത്തിന് കീഴില്‍ പുതിയ വിസകള്‍ ഇന്നു മുതല്‍ അനുവദിച്ചു തുടങ്ങിയതായി മന്ത്രാലയം വ്യക്തമാക്കി. വിനോദ സഞ്ചാരികളെ സ്വീകരിക്കുന്നതിന് രാജ്യത്തെ വിമാനത്താവളങ്ങളിലും കരാതിര്‍ത്തികളിലും വേണ്ട സജ്ജീകരണങ്ങള്‍ തയാറാക്കിയതായി ജനറല് അതോറിറ്റി ഓഫ് സിവില് ഏവിയേഷനും അറിയിച്ചു. സൗദിയിലേക്ക് യാത്രാനുമതിയുള്ള ഗ്രീന്‍ ലിസ്റ്റിലുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിസയും പ്രവേശന അനുമതിയും നല്കുന്നത്.
കോവിഡ് പ്രോട്ടോകോള്‍ നിബന്ധനകള്‍ക്ക് വിധേയമായിട്ടാണ് പ്രവേശന അനുമതി. രാജ്യത്ത് അംഗീകരിച്ച ഫൈസര്‍, ഓക്സ്ഫോര്‍ഡ് ആസ്ട്രാസെനിക്ക, മൊഡേണ എന്നീ വാക്സിനുകളുടെ രണ്ട് ഡോസ് സ്വീകരിച്ചവര്‍, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ ഒരു ഡോസ് വാക്സിന്‍ എന്നിവ പൂര്‍ത്തിയാക്കിയവര്‍ക്കാണ് ടൂറിസ്റ്റ് വിസയും പ്രവേശനാനുമതിയും ലഭിക്കുക. ഹോട്ടല്‍ ക്വാറന്‍റൈന്‍ ഉള്‍പ്പെടെയുള്ള നിബന്ധനയില്‍ നിന്ന് ഇവര്‍ക്ക് ഇളവും ലഭ്യമാക്കിയിട്ടുണ്ട്. എന്നാല് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി ആര്‍ ടെസ്റ്റ് ഉള്‍പ്പെടെയുള്ളവ വിമാനത്താവളത്തില്‍ ഹാജരാക്കണം. അതേസമയം ഇന്ത്യയുള്‍പ്പെടെയുള്ള റെഡ് ലിസ്റ്റ് കാറ്റഗറിയിലുള്ള രാജ്യങ്ങളില് നിന്നുള്ളവര്‍ക്ക് പ്രവേശനം അനുവദിച്ചു തുടങ്ങിയിട്ടില്ല.
Adjust Story Font
16