ടൂറിസം കേന്ദ്രങ്ങളിലേക്ക് സർവീസ് നടത്തുന്നതിന് എമിറേറ്റ്സ് എയർലൈൻസുമായി കരാറിൽ ഒപ്പുവെച്ച് സൗദി
സൗദി ടൂറിസം അതോറിറ്റിയും യു.എ.ഇ ആസ്ഥാനമായ എമിറേറ്റ്സ് വിമാന കമ്പനിയും തമ്മിലാണ് ധാരണയിലെത്തിയത്
സൗദിയിലെ വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്ക് സർവീസ് നടത്തുന്നതിന് എമിറേറ്റ്സ് എയർലൈൻസുമായി കരാറിൽ ഒപ്പുവെച്ച് ടൂറിസം മന്ത്രാലയം. റിയാദ്, ജിദ്ദ, മദീന ഉൾപ്പെടെയുള്ള രാജ്യത്തെ വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്കാണ് സർവീസുകൾ വർധിപ്പിക്കുക. ഇതോടെ സൗദിയിൽ നിന്ന് എമിറേറ്റ്സ് എയർലൈൻസിന്റെ സർവീസുകളും വർധിക്കും.
സൗദി ടൂറിസം അതോറിറ്റിയും യു.എ.ഇ ആസ്ഥാനമായ എമിറേറ്റ്സ് വിമാന കമ്പനിയും തമ്മിലാണ് ധാരണയിലെത്തിയത്. സൗദിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് കൂടുതൽ വിമാന സർവീസ് നടത്തുന്നതിനാണ് കരാർ. ധാരണയനുസരിച്ച് കമ്പനിയുടെ സർവീസുകളുടെ എണ്ണവും ശേഷിയും വർധിപ്പിക്കും. സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം വഴി വിനോദ സഞ്ചാര കേന്ദ്രങ്ങളെ പ്രോൽസാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കരാറെന്ന് ടൂറിസം അതോറിറ്റി വ്യക്തമാക്കി.
കരാർ ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികളെ രാജ്യത്തേക്ക് ആകർഷിക്കുന്നതിന് ഇടയാക്കുമെന്നും അതോറിറ്റി വിശദീകരിച്ചു. ലോകമെമ്പാടുമുള്ള 120-ൽ അധികം വരുന്ന കേന്ദ്രങ്ങളിൽ നിന്ന് സൗദിയുടെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നതിന് ലക്ഷ്യമിട്ടാണ് ധാരണാപത്രം ഒപ്പ്‌വെച്ചതെന്ന് എമിറേറ്റ്സ് അതികൃതരും വ്യക്തമാക്കി. ഇതോടെ സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ലോകത്തിന്റെ നാനാ ഭാഗങ്ങളിലേക്ക് എമിറേറ്റ്സ് എയർലൈൻസിന്റെ നേരിട്ടുള്ള സർവീസുകൾ ആരംഭിക്കും. ഇത് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളുടെ യാത്രാ പ്രശ്നത്തിനും ഒരു പരിധി വരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Adjust Story Font
16