'നീതിയും അവകാശങ്ങളും ലഭിക്കുംവരെ ഫലസ്തീനൊപ്പം'; പിന്തുണ പ്രഖ്യാപിച്ച് സൗദി
ഇന്നു പുലർച്ചെ സൗദി അറേബ്യന്‍ പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ ഫലസ്തീന്‍ നാഷനല്‍ അതോറിറ്റി പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസുമായി ഫോണില്‍ സംസാരിച്ചു
റിയാദ്: ഫലസ്തീന് പിന്തുണ അറിയിച്ച് സൗദി അറേബ്യന്‍ പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. ഇസ്രായേൽ കനത്ത വ്യോമാക്രമണം തുടരുന്നതിനിടെയാണ് കിരീടാവകാശി ഫലസ്തീൻ അതോറിറ്റി പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസുമായി ഫോണില്‍ സംസാരിച്ചത്. നീതിയും അവകാശങ്ങളും ലഭിക്കുംവരെ ഫലസ്തീനൊപ്പമായിരിക്കും സൗദിയെന്ന് അദ്ദേഹം അറിയിച്ചു. സൗദി സമാധാനശ്രമങ്ങളും തുടരുന്നുണ്ട്.
ഇന്നു പുലർച്ചെയാണ് മഹ്മൂദ് അബ്ബാസ് സൗദി കിരീടാവകാശിയെ ഫോണിൽ വിളിച്ചത്. നിലവിലെ സാഹചര്യം ഇരുവരും ചർച്ച ചെയ്തു. സംഘർഷം രൂക്ഷമാകാതിരിക്കാനും കൂട്ടക്കുരുതി ഒഴിവാക്കാനും പ്രശ്നപരിഹാരത്തിന് ശ്രമം തുടരുന്നതായി മുഹമ്മദ് ബിൻ സൽമാൻ ഫലസ്തീൻ പ്രസിഡന്‍റിനെ അറിയിച്ചു. ഫലസ്തീനൊപ്പം ഉറച്ചുനിൽക്കുന്നതായി ആവർത്തിച്ച സൗദി അറേബ്യ, അവകാശങ്ങളും നീതിയും ലഭ്യമാകുന്നതുവരെ ഒപ്പമുണ്ടാകുമെന്നും മഹ്മൂദ് അബ്ബാസിനെ അറിയിച്ചു. സൗദിയുടെ പിന്തുണയ്ക്ക് അദ്ദേഹം നന്ദി പറയുകയും ചെയ്തു.
ഇതിനു പിന്നാലെ പ്രശ്നപരിഹാരത്തിനായി ജോർദാൻ രാജാവുമായും ഈജിപ്ത് പ്രസിഡന്‍റുമായും സൗദി കിരീടാവകാശി ചർച്ച നടത്തി. ആഗോള വിപണിയിൽ എണ്ണവിലകൂടി ഉയരുന്നതാണ് നിലവിലെ സാഹചര്യം. നാളെ അറബ് ലീഗ് അടിയന്തര യോഗം ചേരും. വിഷയത്തിൽ അറബ് രാഷ്ട്രങ്ങളുടെ നിലപാടും നിർണായകമാകും. പുറമെനിന്നുള്ള യു.എസ് ഉൾപ്പെടെയുള്ള കക്ഷികൾ യുദ്ധത്തിൽ പങ്കെടുത്താൽ പശ്ചിമേഷ്യയിലുടനീളമുള്ള യു.എസ് കേന്ദ്രങ്ങളിൽ ആക്രമണം നടക്കുമെന്ന് വിവിധ രാജ്യങ്ങളിലെ സായുധസംഘങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇതിനാൽ സംഘര്‍ഷം മറ്റിടങ്ങളിലേക്ക് പടരാതെ പ്രശ്നപരിഹാരമുണ്ടാക്കാനാണ് സൗദിയുടെ ശ്രമം. ഇസ്രായേലുമായി ബന്ധം സ്ഥാപിക്കാൻ ഫലസ്തീന്റെ അവകാശവും സൗദിയുടെ ഉപാധികളിലൊന്നായിരുന്നു. ആ നിലക്ക് സൗദി ഫലസ്തീനെ പിന്തുണക്കുന്നുവെന്നതും ശ്രദ്ധേയമാണ്.
Summary: Saudi Arabia stands by Palestinians, crown prince Mohammed bin Salman says in phone call to Palestine Authority president Mahmoud Abbas
Adjust Story Font
16