ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളെ മൂല്യനിര്‍ണ്ണയം നടത്താനൊരുങ്ങി സൗദി അറേബ്യ
എ.ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് നിര്‍ണ്ണയം നടത്തുന്നത്
ദമ്മാം: സൗദിയില്‍ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളെ മൂല്യനിര്‍ണ്ണയത്തിന് വിധേയമാക്കുന്നു. ഈ വര്‍ഷാവസാനത്തോടെ രാജ്യത്തെ പതിനേഴായിരത്തോളം വരുന്ന ഇ-കൊമേഴസ് സ്ഥാപനങ്ങളെ മൂല്യനിര്‍ണ്ണയത്തിന് വിധേയമാക്കുമെന്ന് സൗദി വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെയാണ് ഇതിനുള്ള പദ്ധതി തയ്യാറാക്കുക.
രാജ്യത്തെ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളുടെ നിലവാരവും ശേഷിയും വര്‍ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ഈ വര്‍ഷാവസാനത്തോടെ രാജ്യത്തെ 17000ത്തോളം വരുന്ന ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളെ മൂല്യനിര്‍ണ്ണയം നടത്തുമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു.
ഇതിനായി പ്രത്യേക പ്രക്രിയക്ക് തുടക്കം കുറിക്കും. പ്രധാനമായും പതിനൊന്ന് മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ് നിര്‍ണ്ണയം സാധ്യമാക്കുക. എ.ഐ സാങ്കേതിക വിദ്യയുപയോഗിച്ചുള്ള ഓട്ടോമാറ്റഡ് റോബോട്ടിക് സിസ്റ്റമാണ് ഇതിനായി സംവിധാനിക്കുക.
മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങള്‍ പാലിക്കുക, സ്‌റ്റോറുകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, രാജ്യത്തെ ഇ-കൊമേഴ്‌സ് സ്‌റ്റോറുകളുടെ നിലവാരം വര്‍ധിപ്പിക്കുക, ഉപഭോക്താക്കള്‍ക്ക് സുരക്ഷിത ഷോപ്പിംഗ് സമ്മാനിക്കുക, പരാതികള്‍ കുറക്കുക, വ്യാപാരികള്‍ക്ക് അവരുടെ ബിസിനസ് മൂല്യനിര്‍ണ്ണയം അറിയാന്‍ പ്രാപ്തമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളിലൂന്നിയാണ് സര്‍വേ സംഘടിപ്പിക്കുന്നത്. മൂല്യനിര്‍ണ്ണയ പ്രകാരം സ്ഥാപനങ്ങള്‍ക്ക് അവരുടെ നില മെച്ചപ്പെടുത്തുന്നതിനുള്ള അവസരങ്ങളും ലഭ്യമാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
Adjust Story Font
16