പച്ചപുതച്ച കാടിനു നടുവിലൊരു സ്റ്റേഡിയം; റിയാദിൽ ഒരുങ്ങുന്നത് മറ്റൊരു വിസ്മയം
92,000 പേർക്കിരിക്കാവുന്ന കിങ് സൽമാൻ സ്റ്റേഡിയം 2029ലാണ് നിർമാണം പൂർത്തിയാവുക
റിയാദ്: ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയങ്ങളിലൊന്ന് സൗദിയിലെ റിയാദിൽ ഒരുക്കും. തൊണ്ണൂറ്റി രണ്ടായിരം പേർക്കിരിക്കാവുന്ന കിങ് സൽമാൻ സ്റ്റേഡിയം 2029ലാണ് നിർമാണം പൂർത്തിയാവുക. ഫിഫ വേൾഡ് കപ്പിനും വിവിധ കായിക പരിപാടികൾക്കും സ്റ്റേഡിയം ഉപയോഗിക്കും. റിയാദ് നഗരത്തിലെ കിങ് അബ്ദുൽ അസീസ് പാർക്കിലായിരിക്കും സ്റ്റേഡിയം. റിയാദ് റോയൽ കമ്മീഷനാണ് പുതിയ സ്റ്റേഡിയത്തിന്റെ പ്രഖ്യാപനം നടത്തിയത്. ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ സ്റ്റേഡിയമായിരിക്കും ഇത്.
ആകെ 92,000 സീറ്റുകൾ. ഇതിൽ 2200 സീറ്റുകൾ അതിഥികൾക്കും 150 സീറ്റുകൾ ഭരണാധികാരികൾക്കുമായി നീക്കിവെക്കും. സ്റ്റേഡിയവും ഗ്യാലറിയും പൂർണമായും ശീതീകരണ സംവിധാനത്തിലകും പ്രവർത്തിക്കുക. സ്റ്റേഡിയത്തിന്റെ മുകൾ നിലയിലേക്ക് പ്രവേശിച്ചാൽ കിങ് സൽമാൻ പാർക്കിന്റെ മനോഹരമായ ദൃശ്യം കാണാനാകും. ഫുട്‌ബോളിന് പുറമെ വിവിധ കായിക ഇനങ്ങൾക്ക് ഉപയോഗിക്കാനാകുന്ന വിധത്തിലാണ് സ്റ്റേഡിയം നിർമിക്കുക.
ഫാൻ സോൺ, ഇൻഡോർ സ്‌പോർട്‌സ് ഹാൾ, വോളിബോൾ ബാസ്‌കറ്റ് ബോൾ ടെന്നീസ് കോർട്ടുകൾ എന്നിവയും ഇവിടെയുണ്ടാകും. ഇവയെല്ലാം ഒമ്പത് കി.മീ ചുറ്റളവിലുള്ള ട്രാക്കിലായാണ് സ്ഥാപിക്കുക. ഇതാകും സ്റ്റേഡിയത്തിന്റെ പ്രധാന ഹൈലൈറ്റ്. 2034ൽ സൗദി വേദിയാകാനിരിക്കുന്ന ഫിഫ വേൾഡ് കപ്പിലേക്കും കിങ് സൽമാൻ സ്റ്റേഡിയം വേദിയാകും. വിവിധ ദേശീയ അന്തർദേശീയ പരിപാടികൾക്കും സ്റ്റേഡിയവും പാർക്കും ഉപയോഗിക്കുമെന്നും റോയൽ കമ്മീഷൻ അറിയിച്ചു.
Adjust Story Font
16