സൗദിയിൽ 12 വയസ്സിന് മുകളിലുള്ള കുട്ടികൾക്കും വാക്സിൻ
40 വയസ്സിന് മുകളിലുള്ളവർക്ക് രണ്ടാം ഡോസ് ഉടൻ; ഹജ്ജ് തീർത്ഥാടകർ ഉടൻ വാക്സിൻ സ്വീകരിക്കണം
സൗദിയിൽ പന്ത്രണ്ട് വയസിന് മുകളിലുള്ള കുട്ടികൾക്ക് കോവിഡ് വാക്‌സിൻ നൽകാൻ അനുമതി നൽകി. 40 വയസ്സിനുമുകളിലുള്ളവർക്കുള്ള രണ്ടാം ഡോസ് വാക്‌സിന്റെ വിതരണം ഉടൻ ആരംഭിക്കും. ഹജ്ജ് തീർത്ഥാടകർ രണ്ടാമത്തെ ഡോസിന്റെ കുത്തിവയ്പ്പ് ഉടൻ പൂർത്തിയാക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ഇതുവരെ 18 വയസ്സിനുമുകളിലുള്ളവർക്കാണ് കോവിഡ് കുത്തിവയ്പ്പ് നൽകിവന്നിരുന്നത്. ഈ വിഭാഗത്തിൽപെട്ട 70 ശതമാനം പേരും ഇതിനകം ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചുകഴിഞ്ഞു. എന്നാൽ ഇനിമുതൽ 12നും 18നും ഇടയിൽ പ്രായമുള്ളവർക്കും വാക്സിൻ വിതരണം ചെയ്യാൻ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അനുമതി നൽകിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ പ്രായപരിധിയിൽപെട്ടവർക്ക് വാക്സിൻ നൽകുന്നത് സുരക്ഷിതവും ഫലപ്രദവുമാണെന്ന് ശാസ്ത്രീയ പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടതാണെന്നും മന്ത്രാലയം വ്യക്തമാക്കി.
ഫൈസർ വാക്സിനാണ് ഇവർക്ക് കുത്തിവയ്ക്കുക. നിരവധി രാജ്യങ്ങൾ കഴിഞ്ഞ മാസം മുതൽ 12 വയസ്സിന് മുകളിലുള്ളവർക്ക് ഫൈസർ വാക്സിൻ നൽകിവരുന്നുണ്ട്. നിലവിൽ 50 വയസ്സിന് മുകളിലുള്ളവർക്കാണ് സൗദിയിൽ രണ്ടാമത്തെ ഡോസിന്റെ വിതരണം നടന്നുവരുന്നത്. താമസിയാതെ തന്നെ 40 വയസ്സിന് മുകളിലുള്ളവർക്കും രണ്ടാമത്തെ ഡോസിന്റെ വിതരണം ആരംഭിക്കുമെന്നാണ് സൂചന. രണ്ടാം ഡോസ് സ്വീകരിക്കുന്നതിനായുള്ള അറിയിപ്പ് ലഭിക്കാത്തവർ സ്വിഹത്തി ആപ്പ് വഴി അപ്പോയിന്റ്മെന്റ് എടുക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവർക്കിടയിൽ ഇതുവരെ കോവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടില്ല.
Adjust Story Font
16