സ്വകാര്യ മേഖലയിയിലെ അവധി ആഴ്ചയിൽ രണ്ട് ദിവസമാക്കാൻ സൗദി അറേബ്യ
സൗദിയിൽ നിലവിൽ ഉയർന്ന നിലവാരത്തിലുള്ള സ്ഥാപനങ്ങളാണ് ആഴ്ചയിൽ രണ്ട് ദിവസം ലീവനുവദിക്കുന്നത്.
സ്വകാര്യ മേഖലയിലെ എല്ലാ തൊഴിലാളികൾക്കും ആഴ്ചതോറുമുള്ള അവധി രണ്ട് ദിവസമായി വർധിപ്പിക്കാൻ സൗദി അറേബ്യ നീക്കം തുടങ്ങി. ഇതിനായി തൊഴിൽ നിയമത്തിൽ തന്നെ മാറ്റം വരുത്തുകയാണ് ലക്ഷ്യം. ആദ്യമായാണ് തൊഴിൽ നിയമത്തിൽ തന്നെ മാറ്റം വരുത്തിയുള്ള നീക്കത്തിലേക്ക് സൗദി അറേബ്യ കടക്കുന്നത്. സ്വകാര്യ മേഖലയിലേക്ക് സൗദികളെ ആകർഷിക്കുകയാണ് ലക്ഷ്യം.
സൗദിയിൽ നിലവിൽ ഉയർന്ന നിലവാരത്തിലുള്ള സ്ഥാപനങ്ങളാണ് ആഴ്ചയിൽ രണ്ട് ദിവസം ലീവനുവദിക്കുന്നത്. ഭൂരിഭാഗം സ്ഥാപനങ്ങളിലും ആഴ്ചയിൽ ആറ് ദിവസവും ജോലി ചെയ്യേണ്ടതുണ്ട്. ജോലി സമയവുമായി ബന്ധപ്പെട്ട് തൊഴിൽ മന്ത്രാലയത്തിന്‍റെ ചട്ടങ്ങളും നിർദേശങ്ങളും പാലിക്കുന്നതിൽ സ്ഥാപനങ്ങൾ വീഴ്ച വരുത്തുന്നതും പതിവാണ്.
ഈ സാഹചര്യത്തിലാണ് തൊഴിൽ നിയമത്തിൽ തന്നെ മാറ്റം വരുത്താനുള്ള നീക്കം. ഇതു പ്രകാരം, ജോലി എട്ടു മണിക്കൂറാകും. ആഴ്ചയിൽ അഞ്ചു ദിവസം ജോലി ചെയ്താൽ മതി. രണ്ടു ദിവസം നിർബന്ധിത അവധി വരും. നിലവിൽ ആറ് ദിവസം ജോലിയടക്കം 48 മണിക്കൂറാണ് ആഴ്ചയിൽ ജോലിയെടുക്കേണ്ടത്. പുതിയ തീരുമാനം വന്നാൽ കൂടുതൽ സൗദികളെ സ്വകാര്യ മേഖലയിലേക്ക് ആകർഷിക്കാനാകും. ഇതുമായി ബന്ധപ്പെട്ടുള്ള പഠനം അവസാനത്തിലാണ്. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റേതാണ് പുതിയ നീക്കം. നേരത്തെ ഇതിന്റെ ഭാഗമായുള്ള പൊതുജനാഭിപ്രായം മന്ത്രാലയം തേടിയിരുന്നു. ഭൂരിഭാഗം പേരും രണ്ട് ദിനം അവധി വേണമെന്ന് ആവശ്യപ്പെട്ടെന്നാണ് വിവരം. പുതിയ നീക്കത്തിലൂടെ വിഷൻ 2030ന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ഷിഫ്റ്റടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ജോലി സമയം കഴിഞ്ഞും ജീവനക്കാർ ജോലി ചെയ്യേണ്ടി വന്നാൽ നിർബന്ധിത അധിക വേതനം നൽകേണ്ടി വരും. ഇക്കാര്യത്തിൽ പരാതി വന്നാൽ സ്ഥാപന രജിസ്റ്ററടക്കം ഹാജരാക്കേണ്ടി വരും.
Adjust Story Font
16