പുതിയ കാർഗോ എയർലൈൻ സ്ഥാപിക്കാൻ സൗദി അറേബ്യ
റിയാദ് എയറിനും സൗദി എയർലൈൻസിനും പുറമെയാണ് പുതിയ കാർഗോ എയർലൈൻ എത്തുന്നത്
റിയാദ്: പുതിയ കാർഗോ എയർലൈൻ സ്ഥാപിക്കാൻ സൗദി അറേബ്യ. പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന് കീഴിലാണ് പദ്ധതി.റിയാദ് എയറിനും സൗദി എയർലൈൻസിനും പുറമെയാണ് പുതിയ കാർഗോ എയർലൈൻ എത്തുന്നത്. അറബ് ആഫ്രിക്കൻ മേഖലയിൽ സൗദിയെ ഏറ്റവും വലിയ ലോജിസ്റ്റിക്‌സ് ഹബ്ബാക്കാനാണ് ശ്രമം. ഇതിന്റെ ഭാഗമായി ബോയിങുമായി സൗദിയുടെ ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. ഇക്കാര്യം സൗദി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അന്താരാഷ്ട്ര സാമ്പത്തിക മാധ്യമങ്ങളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. യു.എ.ഇ, ഖത്തർ രാജ്യങ്ങളിലെ മുൻനിര ചരക്കു വിമാനങ്ങളുമായി മത്സരിക്കാനാണ് സൗദിയുടെ പദ്ധതിയെന്നും റിപ്പോർട്ടിൽ പറയുന്നു. ആഗോള ലോജിസ്റ്റിക്‌സ് ഹബ്ബായി സൗദിയെ മാറ്റാൻ വിപുലമായ പദ്ധതികൾ വിവിധ പോർട്ടുകളിൽ നടക്കുന്നുണ്ട്. വ്യോമയാന മേഖലയിലേക്കും പ്രവേശനം സജീവമാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതിയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സാമ്പത്തിക പഠനം പൂർത്തിയാക്കിയേ കരാറിലേക്ക് എത്തൂവെന്നും റിപ്പോർട്ടിലുണ്ട്.
Adjust Story Font
16