ഉംറ തീർഥാടനം; വ്യാജ പരസ്യങ്ങളിൽ വഞ്ചിതരാകരുതെന്ന് മുന്നറിയിപ്പ്
സൗദിയിൽ അംഗീകാരമുള്ള കോവിഡ് വാക്‌സിന്റെ രണ്ട് ഡോസ് സ്വീകരിച്ചവർക്ക് മാത്രമേ ഹറമുകളിലേക്ക് പ്രവേശനം അനുവദിക്കൂ.
അംഗീകാരമില്ലാത്ത ഉംറ ടൂർ ഓപ്പറേറ്റർമാരുടെ പരസ്യങ്ങൾക്കെതിരിൽ സൗദി ഹജ്ജ് ഉംറ മന്ത്രാലത്തിന്റെ മുന്നറിയിപ്പ്. വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാകരുതെന്ന് മന്ത്രാലയം വിശ്വാസികളെ ഓർമിപ്പിച്ചു. ഹറമുകളിൽ ഉംറയ്ക്കും പ്രാർത്ഥനക്കും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇതുവരെ മാറ്റം വരുത്തിയിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു.
മക്ക, മദീന ഹറമുകളിൽ ഉംറക്കും പ്രാർത്ഥനക്കുമെത്തുന്നവർ പാലിച്ചിരിക്കേണ്ട ആരോഗ്യ പ്രോട്ടോകോളുകളിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അസിസ്റ്റന്‍റ് അണ്ടർ സെക്രട്ടറി വ്യക്തമാക്കി. നേരത്തെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും പ്രോട്ടോകോളുകളും മാറ്റമില്ലാതെ തുടരും. സൗദിയിൽ അംഗീകാരമുള്ള കോവിഡ് വാക്‌സിന്റെ രണ്ട് ഡോസ് സ്വീകരിച്ചവർക്ക് മാത്രമേ ഹറമുകളിലേക്ക് പ്രവേശനം അനുവദിക്കൂ.
ആഭ്യന്തര തീർത്ഥാടകരിൽ 12 വയസിന് മുകളിലുള്ളവർക്കും, വിദേശ തീർത്ഥാടകരിൽ 18 വയസിന് മുകളിലുള്ളവർക്കും ഉംറ തീർത്ഥാടനത്തിനും പ്രാർത്ഥനക്കും അനുമതി നൽകും. എന്നാൽ അംഗീകാരമില്ലാത്ത ഉംറ ടൂർ ഓപ്പറേറ്റമാർ സാമൂഹ്യ മാധ്യമങ്ങൾ വഴി നടത്തിവരുന്ന പ്രചാരണങ്ങളിൽ വഞ്ചിതരാകരുതെന്ന് മന്ത്രാലയം വിശ്വാസികളെ ഓർമിപ്പിച്ചു. സൗദി അംഗീകൃത വാക്‌സിനെടുത്ത ശേഷം ഉംറക്കെത്തുന്ന വിദേശ തീർത്ഥാടകർക്ക് സൗദിയിൽ ക്വാറന്റൈൻ ആവശ്യമില്ല. എന്നാൽ ലോകാരോഗ്യ സംഘടന അംഗീകരിച്ചതും, സൗദിയുടെ അംഗീകൃത പട്ടികയിൽ ഇല്ലാത്തതുമായ വാക്‌സിൻ സ്വീകരിച്ചവർക്ക് സൗദിയിലെത്തിയാൽ മൂന്ന് ദിവസത്തെ ക്വാറന്‍റൈൻ നിർബന്ധമാണ്.
Adjust Story Font
16