സ്പാനിഷ് സൂപ്പർകപ്പിന് ഇത്തവണയും സൗദി അറേബ്യ ആതിഥേയത്വം വഹിക്കും
2025 ജനുവരി എട്ടു മുതൽ 12 വരെയാണ് സ്പാനിഷ് സൂപ്പർകപ്പ്
ജിദ്ദ: സ്പാനിഷ് സൂപ്പർകപ്പിന് ഇത്തവണയും ജിദ്ദ ആതിഥേയത്വം വഹിക്കും. 2025 ജനുവരി ആദ്യവാരത്തിലാണ് മത്സരങ്ങൾ. 2025 ജനുവരി എട്ടു മുതൽ 12 വരെയാണ് സ്പാനിഷ് സൂപ്പർകപ്പ്. ജിദ്ദയിലെ കിംഗ് അബ്ദുല്ല സ്പോർട്സ് സിറ്റി സ്റ്റേഡിയമാണ് വേദി. റയൽ മാഡ്രിഡ്, ബാഴ്സലോണ, അത്ലറ്റിക് ബിൽബാവോ, റിയൽ മല്ലോർക്ക ടീമുകളാണ് പങ്കെടുക്കുന്നത്.
സ്പാനിഷ് ഫുട്‌ബോൾ ഫെഡറേഷൻ മത്സരങ്ങളും പ്രഖ്യാപിച്ചു. ജനുവരി എട്ടിന് ആദ്യ മത്സരത്തിൽ റയൽ മാഡ്രിഡ് റയൽ മല്ലോർക്കയെ നേരിടും. ഒമ്പതിന് ബാഴ്സലോണ അത്ലറ്റിക് ബിൽബാവെയും നേരിടും. രണ്ട് മത്സരങ്ങളിലെയും വിജയികളാകും ജനുവരി 12 ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഏറ്റുമുട്ടുക.
നേരത്തെ നടന്ന 14 സൂപ്പർ കപ്പ് കിരീടങ്ങൾ നേടിയത് ബാഴ്സലോണയാണ്. 12 തവണ റയൽ മാഡ്രിഡും കിരീടം നേടി. റിയാദിൽ നടന്ന അവസാന ടൂര്ണമെന്ററിൽ റയൽ മാഡ്രിഡിനായിരുന്നു വിജയം. ലോകോത്തര ഫുട്‌ബോൾ ടീമുകൾ അണിനിരക്കുന്ന മത്സരങ്ങൾ കാണാൻ കാത്തിരിക്കുകയാണ് കായിക പ്രേമികൾ.
Adjust Story Font
16