Quantcast

സൗദിയിലെ അൽഫൗ പ്രദേശം യുനെസ്‌കോ പൈതൃക പട്ടികയിൽ ഇടം പിടിച്ചു

പുരാതന കിന്റ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു അൽഫൗ പ്രദേശം

MediaOne Logo

Web Desk

  • Published:

    28 July 2024 5:28 PM GMT

Saudi Arabias Al faw region has been included in the UNESCO heritage list
X

റിയാദ്: സൗദിയിലെ അൽഫൗ പ്രദേശം യുനെസ്‌കോയുടെ പൈതൃക പട്ടികയിൽ ഇടം പിടിച്ചു. ഡൽഹിയിൽ നടക്കുന്ന യുനെസ്‌കോയുടെ പ്രത്യേക സമ്മേളനത്തിൽ വെച്ചാണ് ഈ പ്രദേശം പട്ടികയിലേക്ക് രേഖപ്പെടുത്തിയത്. പുരാതന കിന്റ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു അൽഫൗ പ്രദേശം. ക്രിസ്തുവിന് ശേഷം 450 മുതൽ 550-ാം വർഷം വരെ നില നിന്നിരുന്ന സാമ്രാജ്യമായിരുന്നു കിന്റ സാമ്രാജ്യം, കിന്റ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു കറിയത്ത് അൽഫൗ എന്നറിയപ്പെടുന്ന അൽഫൗ നഗരം. റിയാദ് പ്രവിശ്യയിൽ പെട്ട വാദി ദവാസിറിൽ നിന്നും നൂറു കിലോമീറ്റർ അകലെയാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. അക്കാലത്ത് ഇവിടെ ജീവിച്ചിരുന്ന ജനത ഉപയോഗിച്ചിരുന്ന താമസ കെട്ടിടങ്ങൾ, ആരാധനാലയങ്ങൾ, സൂഖ് അല്ലെങ്കിൽ വിപണന കേന്ദ്രങ്ങൾ എന്നിവയാണ് ഇവിടെ നില നിൽക്കുന്നത്.

കിന്റ സാമ്രാജ്യത്തിലുള്ള ജനങ്ങൾ ആരാധിച്ചിരുന്ന വിഗ്രഹങ്ങളുടെ രൂപങ്ങളും ഇവിടെ നിന്നും കണ്ടെടുത്തിരുന്നു. 1940 കളിലാണ് ആദ്യമായി മേഖലയിൽ പുരാവസ്തു ഗവേഷണം തുടങ്ങുന്നത്. ഉപേക്ഷിക്കപ്പെട്ടതായിരുന്നു ഈ നഗരം. കിന്റ സാമ്രാജ്യത്തിന്റെ ഭാഗമായി കറിയത്ത് അൽഫൗ പ്രദേശത്തിന് സമീപം നില നിന്നിരുന്ന നാട്ടു രാജ്യങ്ങളുമായാണ് യുദ്ധമുണ്ടായത്. ഇതിന് ശേഷമാകാം ഈ പ്രദേശം ഉപേക്ഷിക്കപ്പെട്ടതെന്ന് കരുതുന്നു. 1940 ൽ സൗദി അരാംകോയുടെ ജീവനക്കാരാണ് ഒരു യാത്രക്കിടെ ഈ പ്രദേശം കണ്ടെത്തുന്നത്. തുടർന്നാണ് മേഖലയിൽ പുരാവസ്തു പരിശോധനകൾക്ക് തുടക്കം കുറിച്ചത്. 1970 മുതൽ 2003 വരെയാണ് റിയാദിലെ കിംഗ് സൗദി യൂണിവേഴ്‌സിറ്റിയിലെ ചരിത്ര വിഭാഗം മേഖലയിൽ പരിശോധനകൾക്ക് വിപുലമായ തുടക്കം കുറിച്ചത്. അതിന് ശേഷമാണ് മേഖലയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നത്.

പിന്നീട് ഫ്രഞ്ച്, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിലെ ഉദ്യോഗസ്ഥരും പരിശോധനയുടെ ഭാഗമായി ചേർന്നു. ഇതോടു കൂടിയാണ് മേഖലയുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങളിലേക്ക് എത്തുന്നത്. അക്കാലത്തെ ജനങ്ങൾ ഉപയോഗിച്ചിരുന്ന സൂഖുകൾ, മൺപാത്രങ്ങൾ, ആയുധങ്ങൾ, വീടുകൾ, ശ്മാശാനങ്ങൾ, എന്നിവയും കണ്ടെത്തിയിരുന്നു. പ്രദേശത്ത് നിറയെ കിണറുകളും കണ്ടെത്തിയിട്ടുണ്ട്. രണ്ട് വർഷമായി ഈ പ്രദേശം യുനെസ്‌കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്താനുള്ള ശ്രമം സൗദി അറേബ്യ തുടരുകയായിരുന്നു.

ഇതിനിടയിലാണിപ്പോൾ സൗദിയിലെ എട്ടാമത്തെ യുനെസ്‌കോ പൈതൃക കേന്ദ്രമായി അൽഫൗ പ്രദേശത്തെ തെരഞ്ഞെടുത്തിരിക്കുന്നത്. മഥാ ഇൻ സ്വാലിഹിലെ അൽ ഹിജിർ പ്രദേശം, റിയാദിലെ അൽ തുറൈഫ്, ജിദ്ദയിലെ ബലദ് പ്രദേശം, ഹാഇൽ പ്രദേശത്തെ ശിലാ ലിഖിതങ്ങൾ, അൽ അഹ്‌സയിലെ മരുപ്പച്ച, നജ്‌റാനിലെ ഹിമാ മേഖല, റിയാദിലെ ഉറൂഖ് ബനീ മാരിദ്, റോയൽ റിസർവ് എന്നിവയാണ് നേരത്തെ യുനെസ്‌കോ പട്ടികയിൽ ഇടം പിടിച്ച സ്ഥലങ്ങൾ.

TAGS :

Next Story