ഒക്ടോബറില്‍ സൗദിയുടെ എണ്ണ ഇതര കയറ്റുമതിയില്‍ 25.5% വര്‍ധനവ്
കയറ്റുമതിയില്‍ സൗദിയുടെ ഏറ്റവും പ്രധാന പങ്കാളി ചൈനയാണ്
2020 ഒക്ടോബറിനെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ഒക്ടോബറില്‍ സൗദി അറേബ്യയുടെ ചരക്ക് കയറ്റുമതി 90.0% വര്‍ദ്ധിച്ചതായി ഇന്ന് പുറത്തുവന്ന അന്താരാഷ്ട്ര വ്യാപാര റിപ്പോര്‍ട്ട്.
മൊത്തം കയറ്റുമതി മൂല്യം 2021 ഒക്ടോബറോടെ 106.2 ബില്യണ്‍ ആയി ഉയര്‍ന്നപ്പോള്‍, 2020 ഒക്ടോബറില്‍ അത് വെറും 55.9 ബില്യണായിരുന്നു. പ്രധാനമായും എണ്ണ കയറ്റുമതിയില്‍ നിന്നുതന്നെയാണ് ഈ വര്‍ധനവ് സംഭവിച്ചിരിക്കുന്നത്. മൊത്തം കയറ്റുമതിയിലെ എണ്ണ കയറ്റുമതിയുടെ പങ്ക് 2020 ഒക്ടോബറില്‍ 66.1 ശതമാനമായിരുന്നെങ്കില്‍, 2021 ഒക്ടോബറില്‍ അത് 77.6 ശതമാനമായാണ് വര്‍ധിച്ചത്.
ഈ വര്‍ഷം ഒക്ടോബറില്‍ എണ്ണ ഇതര കയറ്റുമതി 25.5% ആയാണ് വര്‍ദ്ധിച്ചത്. 2020 ഒക്ടോബറിലെ 19.0 ബില്യണില്‍ നിന്ന് 23.8 ബില്യണായാണ് എണ്ണ ഇതര കയറ്റുമതി ഉയര്‍ന്നത്. എങ്കിലും എണ്ണ ഇതര കയറ്റുമതി മുന്‍മാസത്തെ അപേക്ഷിച്ച്, (സെപ്റ്റംബര്‍) 5.9% ആയി കുറഞ്ഞിട്ടുമുണ്ട്.
2021 ഒക്ടോബറിലെ ചരക്ക് ഇറക്കുമതി 7.6% വര്‍ദ്ധിച്ചിട്ടുണ്ട്. 2020 ഒക്ടോബറില്‍ ചരക്ക് ഇറക്കുമതി 43.0 ബില്യണായിരുന്നു. എന്നാല്‍ 2021 ഒക്ടോബറില്‍ ഇറക്കുമതിയുടെ മൂല്യം 46.3 ബില്യണാണെന്നാണ് കണക്കുകള്‍ പറയു ന്നത്. എങ്കിലും, മുന്‍ മാസത്തെ അപേക്ഷിച്ച് ഇറക്കുമതി കുറഞ്ഞിട്ടുണ്ട്.
ലോഹ ഉല്‍പന്നങ്ങള്‍, രാസ വ്യവസായങ്ങള്‍, അനുബന്ധ ഉല്‍പന്നങ്ങള്‍, പ്ലാസ്റ്റിക്കുകളും അവയുടെ ഉല്‍പന്നങ്ങളും, വാഹനങ്ങള്‍, വിമാനങ്ങള്‍, കപ്പലുകള്‍, ഗതാഗത ഉപകരണങ്ങള്‍ എന്നിവയാണ് കയറ്റുമതി ചെയ്യപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട ചരക്കുകളെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കയറ്റുമതിയില്‍ സൗദിയുടെ ഏറ്റവും പ്രധാന പങ്കാളി ചൈനയാണ്. ജപ്പാന്‍, ദക്ഷിണ കൊറിയ, ഇന്ത്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ രാജ്യങ്ങളാണ് തൊട്ടടുത്തുള്ളവ.
Adjust Story Font
16