പാകിസ്താൻ ഓയിൽ ആന്റ് ഗ്യാസിന്റെ 40 ശതമാനം ഓഹരികൾ സ്വന്തമാക്കി സൗദി അരാംകോ
ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് ഇരു കമ്പനി പ്രതിനിധികളും കരാറിൽ ഒപ്പുവെച്ചു
റിയാദ്: സൗദി ദേശീയ എണ്ണക്കമ്പനിയായ സൗദി അരാംകോ പാകിസ്താൻ ഗ്യാസ് ആന്റ് ഓയിൽ ലിമിറ്റഡിന്റെ 40 ശതമാനം ഓഹരികൾ ഏറ്റെടുക്കുന്നു. ഇന്ധന ചില്ലറ വിൽപ്പന വിപണിയിലുള്ള അരാംകോയുടെ സാന്നിധ്യം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. അരാംകോയുടെ ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള വ്യാപനത്തിന്റ ഭാഗമായി കൂടിയാണ് ഏറ്റെടുക്കൽ കരാർ.
ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് ഇരു കമ്പനി പ്രതിനിധികളും കരാറിൽ ഒപ്പുവെച്ചു. പാകിസ്താൻ ഗ്യാസ് ആന്റ് ഓയിൽ ലിമിറ്റഡിന്റെ 40 ശതമാനം ഓഹരി അരാംകോക്ക് സ്വന്തമാകും. പാകിസ്താനിലെ റീട്ടെയിൽ ഇന്ധന വിതരണ രംഗത്തും സ്റ്റോറേജ്, ശുദ്ധീകരണ മേഖലയിലും പ്രവർത്തിച്ചുവരുന്ന കമ്പനിയാണ് പി.ജി.ഒ. അന്തർദേശീയ തലത്തിൽ റീട്ടെയിൽ ഇന്ധന വിതരണ മേഖലയിൽ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടിയാണ് അരാംകോയുടെ ഏറ്റെടുക്കൽ. ഈ വർഷം ഫെബ്രുവരിൽ വാൽവലൈൻ ഇൻക് ഗ്ലോബൽ പ്രൊഡക്ട് ബിസിനസ് സൗദി അരാംകോ ഏറ്റെടുത്തിരുന്നു. ഇത് പുതിയ കമ്പനികൾ സ്വന്തമാക്കുന്നതിനും വിതരണം എളുപ്പമാക്കുന്നതിനും കമ്പനിക്ക് സഹായകമാകുന്നുണ്ട്.
Adjust Story Font
16