സൗദിയില്‍ ബാങ്കുകളുടെ റമദാനിലെ പ്രവര്‍ത്തന സമയവും അവധി ദിനങ്ങളും പ്രഖ്യാപിച്ചു
രാവിലെ പത്ത് മണി മുതല്‍ വൈകിട്ട് നാല് മണി വരെ രാജ്യത്തെ ബാങ്കുകള്‍ പ്രവര്‍ത്തിക്കും
സൗദിയില്‍ ബാങ്കുകളുടെ റമദാനിലെ പ്രവര്‍ത്തന സമയവും അവധി ദിനങ്ങളും പ്രഖ്യാപിച്ചു. റമദാനില്‍ രാവിലെ പത്ത് മണി മുതല്‍ വൈകിട്ട് നാല് മണി വരെ രാജ്യത്തെ ബാങ്കുകള്‍ പ്രവര്‍ത്തിക്കും.
അടുത്ത മാസം മുതല്‍ ആരംഭിക്കുന്ന റമദാന്‍ ദിനങ്ങളിലെ ബാങ്കുകളുടെ പ്രവര്‍ത്തന സമയം സൗദി ദേശീയ ബാങ്കായ സാമയാണ് പ്രസിദ്ധീകരിച്ചത്. രാവിലെ പത്ത് മണി മുതല്‍ വൈകിട്ട് നാല് വരെയാണ് ബാങ്കുകളുടെ ദൈനംദിന പ്രവര്‍ത്തനം. മണി എക്‌സ്‌ചേഞ്ചുകള്‍, വിദേശ പണമിടപാട് സ്ഥാപനങ്ങള്‍ എന്നിവക്ക് രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെയള്ള സമയങ്ങളില്‍ അനുയോജ്യമായ ആറു മണിക്കൂര്‍ പ്രവര്‍ത്തിക്കുവാന്‍ അനുവാദമുണ്ടാകും.
ഏപ്രില്‍ 29 മുതല്‍ മെയ് ഏഴ് വരെയായിരിക്കും ഈ വര്‍ഷത്തെ ചെറിയ പെരുന്നാള്‍ അവധി, മെയ് എട്ടിന് ബാങ്കുകള്‍ അവധി കഴിഞ്ഞ് പ്രവര്‍ത്തനമാരംഭിക്കും. ജൂലൈ ഏഴ് മുതല്‍ പന്ത്രണ്ട് വരെ ബലി പെരുന്നാള്‍ അവധി ദിനങ്ങളായിരിക്കുമെന്നും സാമ അറിയിച്ചു. തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും സേവനം നല്‍കുന്ന ബ്രാഞ്ചുകള്‍, കര, വ്യോമ, നാവിക അതിര്‍ത്തികളിലെ ശാഖകള്‍, അവധി ദിനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക ശാഖകള്‍ എന്നിവ സാധരണനിലയില്‍ പ്രവര്‍ത്തിക്കുമെന്നും സാമ അറിയിച്ചു.
Adjust Story Font
16