സൗദിയിലുള്ളവരേ.. ഹജ്ജിന് പോകാൻ സമയമായി: ഇതാണ് നടപടി ക്രമങ്ങളും പാക്കേജുകളും
പന്ത്രണ്ടായിരത്തിന് മുകളിലാണ് ആദ്യ ഘട്ട ഹജ്ജ് പാക്കേജുകൾ തുടങ്ങുന്നത് എന്നാണ് വിവരം
- Updated:
2021-06-13 10:38:28.0
2021 വർഷത്തെ ഹജ് രജിസ്‌ട്രേഷന് സൗദി അറേബ്യ തുടക്കം കുറിച്ചു. ഇന്ന് (ജൂൺ13, ഞായർ) ഉച്ചക്ക് സൗദി സമയം ഒരു മണി മുതൽ തുടങ്ങിയ രജിസ്‌ട്രേഷൻ ഈ മാസം 23 തുടരും. ആദ്യം രജിസ്റ്റർ ചെയ്യുന്നവരെന്ന മുൻഗണനാ ക്രമത്തിലല്ല ഹജ്ജിന് തെരഞ്ഞെടുക്കുക. എല്ലാവർക്കും രജിസ്റ്റർ ചെയ്യാം. ഇതിൽ നിന്നും പരിശോധനകളും നടപടിക്രമങ്ങളും പാലിച്ചാകും ഹജ്ജിനുള്ളവരെ തെരഞ്ഞെടുക്കുക. ഹജ്ജിന് അപേക്ഷിക്കേണ്ട നടപടി ക്രമങ്ങൾ ലളിതമായി പരിചയപ്പെടാം.
1. രണ്ടു സൈറ്റുകളിൽ ഏതെങ്കിലും ഒന്നു വഴി ഹജ്ജിന് രജിസ്റ്റർ ചെയ്യാം. ലിങ്ക് ഒന്ന്: https://localhaj.haj.gov.sa/, ലിങ്ക് രണ്ട്: https://www.haj.gov.sa/ar/Services/Details/28
2. ഇഖാമ വിശദാംശങ്ങൾ, പേര്, ജനന തിയതി (ഇഖാമയിലുള്ളത്), തവക്കൽനയുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോൺ നമ്പർ, ഇഖാമ കാലാവധി, ഇഖാമ ഇഷ്യു ചെയ്ത സ്ഥലം എന്നിവയാണ് സൈറ്റിൽ ആദ്യം ചേർക്കേണ്ടത്
3. ഇതിന് ശേഷം ഒടിപി മൊബൈൽ നമ്പറിൽ വരും. ഇത് ചേർക്കുക. ഏതെങ്കിലും തെറ്റുകളുണ്ടെങ്കിൽ അത് സൈറ്റിൽ എഴുതി കാണിക്കും. ഇവ തിരുത്തുകയും വേണം.
ഹജ്ജിനായി അപേക്ഷിക്കുന്നവർക്ക് നിബന്ധനകളുണ്ട്. മന്ത്രാലയം ഇത്തവണ തീരുമാനിച്ച പ്രധാന പ്രോട്ടോകോൾ ഇവയാണ്.
1. കോവിഡ് സാഹചര്യത്തിൽ ഇത്തവണയും ഹജിന് സൗദിക്ക് അകത്തുള്ളവർക്ക് മാത്രമാണ് അനുമതി. രാജ്യത്തിനകത്തു നിന്നുള്ള സ്വദേശികൾക്കും നിയമാനുസൃതം സൗദിയിൽ കഴിയുന്ന വിദേശികൾക്കും ഹജ്ജ് ചെയ്യാം.
2. അറുപതിനായിരം പേർക്കാണ് ഹജ്ജിന് അനുമതി നൽകുക. ഇതിൽ സ്വദേശികളും വിദേശികളും എത്ര എന്നുള്ളത് പിന്നീട് പ്രഖ്യാപിക്കും.
3. ഹജ്ജിനെത്തുന്നവർക്ക് പ്രമേഹം, രക്തസമ്മർദം, വൃക്കരോഗം, ഹൃദ്രോഗം പോലെ വിട്ടുമാറാത്ത രോഗങ്ങൾ ഉണ്ടാകരുത്. ഏതെങ്കിലും കാരണത്താൽ കോവിഡ് സാഹചര്യത്തിൽ പിന്നീട് പ്രയാസങ്ങൾ ഉണ്ടാകാതിരിക്കാനാണ് ഈ തീരുമാനം.
4. പതിനെട്ട് മുതൽ 65 വരെ വയസ് പ്രായമുള്ളവർക്കാണ് വ്യവസ്ഥകൾക്ക് വിധേയമായി ഹജ്ജിന് അനുമതി നൽകുക.
5. രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ചവർ, ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ച് പതിനാലു ദിവസം പിന്നിട്ടവർ, രോഗമുക്തി നേടി പ്രതിരോധ ശേഷി ആർജിച്ചവർ എന്നീ വിഭാഗങ്ങളിൽ പെട്ടവർക്കു മാത്രമാണ് അവസരം.
മൂന്ന് തരത്തിലാകും ഹജ്ജിൻ്റെ പാക്കേജുകൾ:
1. കുറഞ്ഞ പാക്കേജിന് 12,113 റിയാലാണ് നിരക്ക്. നികുതി ഉൾപ്പെടാതെയാണ് ഈ നിരക്ക്. മിനായിലെ ടെന്റുകളിലാകും ഇവർക്ക് താമസം
2. മീഡിയം പാക്കേജ് 14,381 റിയാലിനാണ്. വാറ്റും കൂടി ഈ നിരക്കിൽ ഏറെ അടക്കണം. മിനായിലെ ടവറുകളിലാകും താമസം
3. പ്രീമിയം കാറ്റഗറിയിൽ 16,560 റിയാലും നികുതിയുമാണ് നിരക്ക്. ഇവർക്കും മിനായിലെ ടവറുകളിലാകും താമസം
കോവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ ഹജ്ജ് പാക്കേജുകൾക്ക് നിരക്ക് കൂടുതലാണ്, യാത്ര താമസം ഭക്ഷണം എന്നിവയിലെല്ലാം പ്രത്യേക ശ്രദ്ധ ഓരോ തീർഥാടകനും നൽകേണ്ടി വരുന്ന സാഹചര്യത്തിൽ ഇതിനനുസരിച്ച് സേവനം മെച്ചപ്പെടുത്തേണ്ടി വരും. ഇതു കൂടി കണക്കിലെടുത്താണ് നിരക്ക് വർധന.
Adjust Story Font
16