Quantcast

സൗദിയിൽ ബൂസ്റ്റർ ഡോസിനുള്ള ഇടവേള കുറച്ചു

ഫെബ്രുവരി മുതൽ പൊതു സ്ഥലങ്ങളിൽ പ്രവേശിക്കാൻ ബൂസ്റ്റർ ഡോസ് നിർബന്ധമാക്കിയ സാഹചര്യത്തിലാണ് പുതിയ മാറ്റം

MediaOne Logo
സൗദിയിൽ ബൂസ്റ്റർ ഡോസിനുള്ള ഇടവേള കുറച്ചു
X

സൗദിയിൽ കോവിഡ് വാക്‌സിന്റെ ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിനുള്ള ഇടവേള കുറച്ചു. ഇനി മുതൽ രണ്ടാം ഡോസ് സ്വീകരിച്ച് മൂന്ന് മാസം പിന്നിട്ടവർക്ക് ബൂസ്റ്റർ ഡോസ് സ്വീകരിക്കാം. ഫെബ്രുവരി മുതൽ പൊതു സ്ഥലങ്ങളിൽ പ്രവേശിക്കാൻ ബൂസ്റ്റർ ഡോസ് നിർബന്ധമാക്കിയ സാഹചര്യത്തിലാണ് പുതിയ മാറ്റം.

കോവിഡ് വാക്‌സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ച് മൂന്ന് മാസം പിന്നിട്ടവർക്ക് ഇനി മുതൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കാം. രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസം പിന്നിട്ടവർക്കായിരുന്നു ഇത് വരെ ബൂസ്റ്റർ ഡോസ് നൽകിയിരുന്നത്. ഫെബ്രുവരി മുതൽ പൊതു സ്ഥലങ്ങളിൽ പ്രവേശിക്കുന്നതിനും ജോലി ചെയ്യുന്നതിനും ബൂസ്റ്റർ ഡോസ് എടുത്ത് ഇമ്മ്യൂൺ ആയവർക്ക് മാത്രമേ അനുമതി നൽകൂ എന്ന് നേരത്തെ തന്നെ മന്ത്രാലയം അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ മാറ്റം.

18 വയസ്സ് പൂർത്തിയായ എല്ലാ വിദേശികൾക്കും സ്വദേശികൾക്കും ബൂസ്റ്റർ ഡോസ് ലഭ്യമാണ്. സ്വിഹത്തി, തവക്കൽനാ ആപ്പുകൾ വഴി ബൂസ്റ്റർ ഡോസിനായി ബുക്ക് ചെയ്യാം. ഇന്ത്യയിൽ നിന്ന് സൗദി അംഗീകൃത വാക്‌സിൻ സ്വീകരിച്ച് മൂന്ന് മാസം പിന്നിട്ടവർക്കും സൗദിയിൽ ബൂസ്റ്റർ ഡോസ് ലഭിക്കും. ലോകത്തെ പകുതിയോളം രാജ്യങ്ങളിലും ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ മുഴുവനാളുകളും വേഗത്തിൽ ബൂസ്റ്റർ ഡോസ് എടുക്കണമെന്ന് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിറകെയാണ് ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിനുള്ള ഇടവേള കുറച്ചതായി മന്ത്രാലയം അറിയിച്ചത്. ഫെബ്രുവരി മുതൽ ഇമ്മ്യൂൺ സ്റ്റാറ്റസിനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരാൻ സാധ്യതയുള്ളതിനാൽ നാട്ടിലേക്ക് അവധിക്ക് പോകാനിരിക്കുന്നവർ ബൂസ്റ്റർ ഡോസ് സ്വീകരിച്ചശേഷം യാത്ര ക്രമീകരിക്കുന്നതാകും ഉചിതം.

Next Story