സൗദിയുടെ കാരുണ്യ പ്രവർത്തനങ്ങൾ അവസാനിക്കുന്നില്ല; കിങ് സൽമാൻ റിലീഫ് സെന്ററിനു കീഴിൽ 46 ടണ്ണിലധികം സാധനസാമഗ്രികൾ സുഡാനിലെത്തിച്ചു
സൗദി അംബാസഡർ അലി ബിൻ ഹസൻ ജാഫർ, സുഡാനിലെ നിരവധി ഉദ്യോഗസ്ഥർ, സൽമാൻ റിലീഫ് സെന്റർ പ്രതിനിധി സംഘം എന്നിവരുടെ സാന്നിധ്യത്തിൽ ഖർത്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് സഹായം വിതരണം ചെയ്തത്
കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിന്റെ കീഴിൽ സജീവമായി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സുഡാനിലെ ജനതയ്ക്കും സഹായങ്ങളെത്തിച്ച് സൗദി.
മരുന്നുകൾ, വാക്സിനുകൾ, മെഡിക്കൽ ഉപകരണങ്ങൾ, കാർഷിക ഉപകരണങ്ങൾ, ആയിരക്കണക്കിന് വൈദ്യുത ജനറേറ്ററുകൾ എന്നിവ ഉൾപ്പെടെ 46 ടണ്ണിലധികം ഭാരമുള്ള സാധന സാമഗ്രികളാണ് ഇന്നലെ സുഡാനിലെത്തിയത്.
സൗദി അംബാസഡർ അലി ബിൻ ഹസൻ ജാഫർ, സുഡാനിലെ നിരവധി ഉദ്യോഗസ്ഥർ, സൽമാൻ റിലീഫ് സെന്റർ പ്രതിനിധി സംഘം എന്നിവരുടെ സാന്നിധ്യത്തിൽ ഖർത്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് സഹായം വിതരണം ചെയ്തത്.
സുഡാനിലെ ആരോഗ്യ സംവിധാനത്തെ പിന്തുണയ്ക്കുന്നതിനും കൊവിഡിനെ പ്രതിരോധിക്കുന്നതിനും കിങ് സൽമാൻ റിലീഫ് സെന്റർ വഴി നൽകി വരുന്ന സഹായ ശ്രമങ്ങളെ സുഡാൻ ആക്ടിങ് ഫെഡറൽ ഹെൽത്ത് അണ്ടർസെക്രട്ടറി ഡോ. ഹൈതം മുഹമ്മദ് ഇബ്രാഹിം പ്രശംസിച്ചു. സൗദി ഭരണാധികാരികൾ തങ്ങൾക്ക് തുടർച്ചയായി നൽകുന്ന പിന്തുണയ്ക്ക് അദ്ദേഹം നന്ദിയറിക്കുകയും ചെയ്തു.
ലോകത്തിന്റെ പല ഭാഗങ്ങളിലുമായി നടക്കുന്ന ജീവകാരുണ്യ- രോഗ പ്രതിരോധ പ്രവർത്തനങ്ങളിലെ കിങ്സൽമാൻ റിലീഫ് സെന്ററിന്റെ പങ്ക് വളരെ വലുതാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.ഈ സഹായം ഇരു രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള ദൃഢമായ സാഹോദര്യ ബന്ധത്തിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16