തണുത്തു വിറച്ച് സൗദി നഗരങ്ങൾ; തുറൈഫിൽ രേഖപ്പെടുത്തിയത് -4°C
അടുത്തയാഴ്ചയോടെ തീവ്രമായ തണുപ്പ് കുറയുകയും പിന്നീട് കൂടുകയും ചെയ്യും
റിയാദ്: കടുത്ത തണുപ്പിലേക്ക് പതിച്ച് സൗദിയിലെ നഗരങ്ങൾ. തുറൈഫ്, റിയാദ് ബുറൈദ, ദമ്മാം, തബൂക്ക് തുടങ്ങിയ നഗരങ്ങളിലെല്ലാം ശക്തമായ തണുപ്പാണ് അനുഭവപ്പെടുന്നത്. അടുത്തയാഴ്ചയോടെ തീവ്രമായ തണുപ്പ് കുറയുകയും പിന്നീട് കൂടുകയും ചെയ്യും. ഇത്തവണ തണുപ്പ് കുറയുമെന്നായിരുന്നു കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വിവിധ പ്രദേശങ്ങളിൽ കാലാവസ്ഥാ മാറ്റത്തിനൊപ്പം ആരോഗ്യ പ്രയാസങ്ങളും വർധിക്കുന്നതിനാൽ വിവിധ മുന്നറിയിപ്പുകൾ പുറത്തിറക്കിയിട്ടുണ്ട്. മരുഭൂമിയിൽ പല ഭാഗത്തും തണുപ്പിന്റെ കാഠിന്യം ബോധ്യമാക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ കാണാം. അൽജൗഫിൽ ഒട്ടകങ്ങളുടെ കൺപീലികളിൽ പുലർച്ചെ മഞ്ഞുപാളി നിൽക്കുന്ന ദൃശ്യങ്ങൾ വരെ ഇതിലുണ്ട്.
ജോർദാൻ, ഇറാഖ് രാജ്യങ്ങളുമായി അതിരു പങ്കിടുന്ന സൗദി വടക്കൻ അതിർത്തി പ്രവിശ്യയിലെ തുറൈഫിലാണ് സൗദിയിൽ ഏറ്റവും കുറഞ്ഞ തണുപ്പ്. ഇവിടെ താപനില ഇന്ന് രാത്രിയോടെ മൈനസ് നാല് ഡിഗ്രി സെൽഷ്യസിലെത്തും. പല ഭാഗത്തും മഴയും മഞ്ഞും ഒരുപോലെ പെയ്യുന്നുണ്ട്. തബൂക്കിലെ ജബൽ അൽ ലൗസിലും തുറൈഫിലെ മരുഭൂവിലും മഞ്ഞ് വീഴുമെന്നാണ പ്രവചനം.
തണുപ്പിന്റെ കാഠിന്യത്തിൽ തുറൈഫ് കഴിഞ്ഞാൽ രണ്ടാമത് മൈനസ് 1 ഡിഗ്രി സെൽഷ്യസുള്ള അൽജൗഫാണ്. കിഴക്കൻ പ്രവിശ്യയിലെ ഹഫർ അൽ ബാതിനിലെ മരുഭൂമിയിൽ പൂജ്യം ഡിഗ്രി സെൽഷ്യസ് ഇന്ന് പുലർച്ചെ രേഖപ്പെടുത്തി. ബുറൈദയിലും ഹാഇലിലും നാളെ പുലർച്ച താപനില ഒരു ഡിഗ്രി സെൽഷ്യസ് തൊടും. തബൂക്കിലും റിയാദിന്റെ നഗരത്തിന് പുറത്ത് ഒരു ഡിഗ്രി സെൽഷ്യസുമുണ്ടാകും. മക്ക, നജ്‌റാൻ, അസീർ, ജീസാൻ എന്നിവിടങ്ങളിൽ തണുപ്പിനൊപ്പം മഴയുമെത്തുന്നുണ്ട്.
റിയാദ്, കിഴക്കൻ പ്രവിശ്യ, അൽജൗഫ്, ഖസീം, ഹാഇൽ മേഖലകളിൽ കനത്ത തണുപ്പുള്ള കാറ്റെത്തും. ഇതോടൊപ്പം അലർജി, പനി, ജലദോഷം, മൂക്കടപ്പ് തുടങ്ങി ആരോഗ്യ പ്രയാസങ്ങളും വർധിക്കും. ഇത് നേരിടാൻ മൂക്കും ചെവിയും മറച്ച് മാത്രമേ തണുപ്പിലിറങ്ങാവൂ. നേരിട്ട് നെഞ്ചിൽ കാറ്റേറ്റാൽ ഹൃദയാരോഗ്യത്തെയും ബാധിക്കും. കടുത്ത ആരോഗ്യ പ്രയാസമുള്ളവർ സ്വയം ചികിത്സക്ക് നിൽക്കാതെ ചികിത്സ തേടണമെന്നും ആരോഗ്യ മന്ത്രാലയം അറിയിക്കുന്നുണ്ട്. പെട്ടെന്ന് തണുക്കുന്ന സാഹചര്യത്തിൽ ഭക്ഷണക്കാര്യത്തിലും ശ്രദ്ധ പുലർത്തണം. പഴകിയതും തണുത്തതുമായ ഭക്ഷണം അണുബാധക്ക് വരെ കാരണമാകും. ഈ വർഷം മുൻവർഷത്തേക്കാൾ താരതമ്യേന കുറഞ്ഞ തണുപ്പാകും അനുഭവപ്പെടുക എന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരുന്നു. ആ നിലപാട് അതോറിറ്റി തുടരുകയാണ്. നിലവിലുള്ള അതിശൈത്യം അടുത്തയാഴ്ചയോടെ അൽപം കുറയുകയും പിന്നീട് വർധിക്കുകയുമാണ് ചെയ്യുക.
Adjust Story Font
16