കോവിഡ് വ്യാപനം; ഉംറ തീർത്ഥാടകർക്ക് കൂടുതൽ നിയന്ത്രണം
രണ്ട് ഉംറകൾക്കിടയിൽ 10 ദിവസത്തെ ഇടവേള പാലിക്കണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
സൗദിയിൽ കൊവിഡ് വ്യാപനം ഉയർന്നതോടെ ഉംറ തീർത്ഥാടകർക്ക് കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തി. രണ്ട് ഉംറകൾക്കിടയിൽ 10 ദിവസത്തെ ഇടവേള പാലിക്കണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന തീർത്ഥാടകർക്ക് 30 ദിവസത്തിനുള്ളിൽ മൂന്ന് തവണ ഉംറ നിർവ്വഹിക്കാം.
രാജ്യത്ത് കൊവിഡ് വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഉംറ തീര്‍ഥാടനത്തിന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തിയത്. സൌദിക്കകത്തുള്ള സ്വദേശികളും വിദേശികളും ഒരു തവണ ഉംറ ചെയ്താൽ 10 ദിവസം കഴിഞ്ഞ് മാത്രമേ അടുത്ത ഉംറ ചെയ്യാൻ പാടുള്ളൂവെന്ന് നേരത്തെ തന്നെ ഹജ്ജ് ഉംറ മന്ത്രാലയം നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇനി മുതൽ ഈ ചട്ടം സൌദിക്ക് പുറത്ത് നിന്ന് വരുന്ന തീർത്ഥാടകർക്കും ബാധകമാണെന്ന് അധികൃതർ അറിയിച്ചു.
വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്ന ഉംറ തീർത്ഥാടകർക്ക് 30 ദിവസത്തേക്ക് രാജ്യത്ത് തങ്ങാൻ ആണ് അനുവാദം നൽക്കുന്നത്. ഈ സമയത്തിനുള്ളിൽ 10 ദിവസത്തെ ഇടവേളകൾ പാലിച്ച് കൊണ്ട് മൂന്ന് തവണ ഉംറ നിർവ്വഹിക്കാം. കൂടാതെ മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങി മുഴുവൻ കോവിഡ് പെരുമാറ്റചട്ടങ്ങളും പാലിക്കണം. കോവിഡ് വാക്സിൻ സ്വീകരിച്ച 12 വയസ്സ് മുതലുള്ളവർക്ക് ഉംറ നിർവ്വഹിക്കാം. തവക്കൽനാ ഇഅ്തമർനാ ആപ്പുകൾ വഴി ഒരു തവണ ഉംറക്കോ നമസ്കാരത്തിനോ പെർമിറ്റെടുത്താൽ പിന്നീട് അതിൻ്റെ സമയത്തിൽ മാറ്റം വരുത്താനാകില്ല. എന്നാൽ ഉംറക്ക് അനുവദിച്ചിരിക്കുന്ന സമയത്തിൻ്റെ നാല് മണിക്കൂർ മുമ്പ് പെർമിറ്റ് ക്യാൻസൽ ചെയ്യാവുന്നതാണ്. അതേ സമയം ഇങ്ങിനെ ക്യാൻസൽ ചെയ്താലും പിന്നീട് പത്ത് ദിവസം കഴിഞ്ഞ് മാത്രമേ ഉംറക്കുള്ള അടുത്ത പെർമിറ്റ് അനുവദിക്കുകയുള്ളൂവെന്ന് മന്ത്രാലയം അറിയിച്ചു.
Adjust Story Font
16