സ്വദേശിവൽക്കരണ ചട്ടങ്ങളിൽ മാറ്റം വരുത്തി സൗദി
ഗൾഫ് പൗരന്മാരെ സ്വദേശികൾക്ക് തുല്യമായി പരിഗണിക്കും
ജിദ്ദ: സൗദിയിൽ സ്വദേശിവൽക്കരണ ചട്ടങ്ങളിൽ മാറ്റം വരുത്തിയതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സ്വദേശികൾക്ക് മാത്രമായി നിശ്ചയിച്ച തൊഴിൽ മേഖലകളിൽ ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർക്കും ജോലി ചെയ്യാൻ അനുമതി നൽകി.
സ്വദേശിവൽക്കരണത്തിൻ്റെ ഭാഗമായി സൗദി പൗരന്മാർക്ക് മാത്രമായി നിശ്ചയിച്ച മുഴുവൻ തൊഴിൽ മേഖലകളിലും ആറ് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കും ജോലി ചെയ്യാൻ അനുവാദമുണ്ടെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. തൊഴിൽ വിപണിയിൽ ഗൾഫ് പൌരന്മാരെ സൌദികൾക്ക് തുല്യമായാണ് പരിഗണിക്കുന്നത്. ഇതനുസരിച്ച് സ്വകാര്യമേഖലയിൽ സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ള തൊഴിലുകളിൽ ഗൾഫ് പൗരന്മാരെ നിയമിക്കുകയാണെങ്കിൽ അത് സൗദിവൽക്കരണ അനുപാതത്തിൽ സൗദി പൗരന് തുല്യമായാണ് പരിഗണിക്കുകയെന്നും മന്ത്രാലയം വ്യക്തമാക്കി.
സ്വകാര്യ മേഖലയിലെ തൊഴിലുകളിൽ പലതും പൂർണമായോ ഭാഗിഗമായോ സ്വദേശികൾക്ക് മാത്രമായി നീക്കിവെച്ചവയാണ്. ഇത്തരം തൊഴിലിലുകളിലെല്ലാം ഇനി മുതൽ ഗൾഫ് പൗരന്മാരെ നിയമിക്കാം. അടുത്ത വർഷത്തോടെ കൺസൾട്ടിങ് പ്രൊഫഷനുകളുടെയും ബിസിനസ്സുകളുടെയും 35 ശതമാനം സ്വദേശിവൽക്കരിക്കാനുള്ള തീരുമാനം മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി എഞ്ചിനിയർ അഹമ്മദ് അൽറാജ്ഹി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. പുതിയ മാറ്റമനുസരിച്ച് ഈ മേഖലകളിലും ഗൾഫ് പൌരന്മാർക്ക് ജോലി ചെയ്യാനാകും.
Adjust Story Font
16