ഹലാ ജിദ്ദയിലേക്ക് സൗദി; ജിദ്ദ നഗരത്തിൽ നിർമാണം നാളെ മുതൽ
ടിക്കറ്റിങും രജിസ്‌ട്രേഷനും അവസാനത്തിലേക്ക്
ജിദ്ദ: മീഡിയവൺ ഒരുക്കുന്ന സൗദിയിലെ ഏറ്റവും വലിയ ഇന്ത്യൻ കാർണിവലായ ഹലാ ജിദ്ദയിലേക്ക് ജിദ്ദ ഒരുങ്ങുന്നു. ഡിസംബർ ആറ്, ഏഴ് തിയ്യതികളിലായി ദി ട്രാക്ക് ജിദ്ദയാണ് വേദി. ഇവിടുത്തെ ഒരുക്കങ്ങൾ നാളെ ആരംഭിക്കും. അതിഥികളായി നൂറോളം കലാകാരന്മാർ ഈയാഴ്ച മുതൽ എത്തും.
അഞ്ച് വർഷങ്ങൾക്ക് ശേഷം വീണ്ടും പ്രവാസത്തിന്റെ മഹാ കാർണിവൽ ജിദ്ദയിൽ ഒരുക്കുകയാണ് മീഡിയവൺ. ഇതിന്റെ പ്രചാരണവും ടിക്കറ്റ് വിൽപനയും ആവേശ കൊടുമുടിയിലാണ്. കേരളത്തിലെ പൂരപ്പറമ്പിനേയും ഉത്സവത്തേയും ആഘോഷങ്ങളും അനുസ്മരിപ്പിക്കും വിധമാണ് രണ്ട് ദിവസങ്ങളിലായുള്ള ഹലാ ജിദ്ദയുടെ ഡിസൈൻ. ജിദ്ദ മദീന റോഡിലെ റിഹൈലിക്കടുത്ത ദി ട്രാക്കിൽ നാടിന്റെ പരിഛേദം മീഡിയവൺ ഒരുക്കും. ഇതിന്റെ ജോലികൾ നാളെ മുതൽ ആരംഭിക്കും.
രണ്ടു ദിവസം നാലു ബാൻഡുകളിലായി അറുപതിലേറെ കലാകാരന്മാർ പങ്കെടുക്കുന്ന സംഗീത രാവ് ഹലാ ജിദ്ദയിലുണ്ട്. മിഥുൻ രമേശും ജീവയും ആങ്കർമാരായി എത്തുന്ന ഹലാ ജിദ്ദയിൽ ഷാൻ റഹ്‌മാൻ ബാൻഡിന്റെ ലൈവ് ഷോ ഉണ്ടാകും. സിത്താര, വിധു പ്രതാപ്, സയനോര തുടങ്ങി പത്തോളം പാട്ടുകാർ ഈ ബാൻഡിലുണ്ട്. പതിനാലാം രാവിൽ മാപ്പിളപ്പാട്ടിലെ പ്രമുഖ പ്രതിഭകളും നിറയും. തമിഴ് ഹിന്ദി ലൈവ് ബാൻഡുകളും ഹലാ ജിദ്ദയെ അവിസ്മരണീയമാക്കും.
2020ലെ ജിദ്ദ പ്രവാസോത്സവത്തിന് ശേഷം മീഡിയവൺ ജിദ്ദയിലൊരുക്കുന്ന സൗദിയിലെ ഏറ്റവും വലിയ കാർണിവലാണിത്. ഇതിനാൽ തന്നെ നൂറോളം പരിപാടികൾ ഇതിലുണ്ട്. പുരുഷന്മാർക്കായി വടംവലി, പാചക, പാട്ടുപാടൽ മത്സരങ്ങളും നാട്ടിലെ നാടൻ മത്സരങ്ങളും നടക്കും. ബ്ലാസ്റ്റേഴ്‌സിന്റെ ജനകീയ കോച്ച് ഇവാൻ ആശാൻ പങ്കെടുക്കുന്ന ജിദ്ദയിലെ ടീമുകൾ അണി നിരക്കുന്ന സൂപ്പർ ഷൂട്ടൗട്ടുമുണ്ട്. കമ്പവലിയിലും ഷൂട്ടൗട്ടിലേക്കും ജിദ്ദയിലെ മുപ്പതോളം ടീമുകൾ അണി നിരക്കുന്നുണ്ട്. ഇതിന് പുറമെ നാടൻ മത്സരങ്ങളും ബിസിനസ് രംഗത്തുള്ളവരെ കണക്ട് ചെയ്യുന്ന ബിസിനസ് കണക്ടുമുണ്ട്.
കുട്ടികൾക്കായി കളറിങ് മത്സരം, പാട്ടു പാടൽ, പാചക മത്സരങ്ങൾ, കുട്ടി ടീമുകൾ അണിനിരക്കുന്ന ഷൂട്ടൗട്ട് മത്സരം, വിവിധ നാടൻ മത്സരങ്ങൾ, ടിവി വാർത്ത വായിക്കൽ, വെർച്വൽ സോൺ, ഫൺ സോൺ എന്നിങ്ങിനെ നിരവധിയാണ് പരിപാടികൾ. സ്ത്രീകൾക്കായി സ്റ്റാർ ഷെഫ്, പാട്ടു പാടൽ, മെഹന്ദി, വിവിധ നാടൻ മത്സരങ്ങൾ എന്നിവയുണ്ട്. ഇതിന് പുറമെ ഷെഫ് പിള്ളയും ആങ്കറായി രാജ് കലേഷുമെത്തുന്ന ഷെഫ് തിയറ്ററുമുണ്ട്. നഗരിയുടെ വിവിധ ഭാഗത്ത് നാല് സ്റ്റേജുകളിലായി വിവിധ പരിപാടികൾ ഒരു സമയം നടക്കും. വിവിധ പരിപാടികളുടെ രജിസ്ട്രഷൻ ഇന്നു മുതൽ വിവിധ ദിവസങ്ങളിലായി അവസാനിക്കും. ഇതിന് മുന്നോടിയായി ഹലാ ജിദ്ദ.മീഡിയവൺ ഓൺലൈൻ ഡോട്ട് കോം വഴി രജിസ്റ്റർ ചെയ്യാം. അമ്പതോളം പരിപാടികളിലേക്ക് സൗദി ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കെന്ന പ്രത്യേകതയും ഹലാ ജിദ്ദക്കുണ്ട്. രണ്ട് ദിവസത്തേക്ക് 25 റിയാൽ മാത്രമാണ് ടിക്കറ്റ് നിരക്ക്. ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽ ടിക്കറ്റുകൾ ലഭ്യമാണ്.
Adjust Story Font
16