Quantcast

സൗദിയും ഇസ്രായേലും തമ്മിൽ ബന്ധം സ്ഥാപിക്കാൻ അധിക കാലം കാത്തിരിക്കേണ്ടി വരില്ല: ട്രംപ്

സൗദി യുഎസുമായി കൂടുതൽ സാമ്പത്തിക സഹകരണത്തിന് തയ്യാറായാൽ തന്റെ ആദ്യ സന്ദർശനം വീണ്ടും അവിടേക്കാകുമെന്നും ട്രംപ്

MediaOne Logo

Web Desk

  • Published:

    23 Jan 2025 5:42 PM

Saudi-Israel ties coming soon: Trump
X

റിയാദ്:സൗദി അറേബ്യയും ഇസ്രായേലും തമ്മിൽ ബന്ധം സ്ഥാപിക്കാൻ അധിക കാലം കാത്തിരിക്കേണ്ടി വരില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സൗദി അറേബ്യ യുഎസുമായി കൂടുതൽ സാമ്പത്തിക സഹകരണത്തിന് തയ്യാറായാൽ തന്റെ ആദ്യ സന്ദർശനം വീണ്ടും അവിടേക്കാകുമെന്നും ട്രംപ് പറഞ്ഞു. യുഎസിലേക്ക് 600 ബില്യൺ ഡോളറിന്റെ നിക്ഷേപം നാല് വർഷത്തിനകം ഉണ്ടാകുമെന്ന് സൗദി കിരീടാവകാശി ഉറപ്പ് നൽകിയിരുന്നു.

സൗദിയും ഇസ്രായേലും തമ്മിൽ ബന്ധം സ്ഥാപിക്കാനിരിക്കെയായിരുന്നു ഹമാസിന്റെ ഇസ്രായേൽ ആക്രമണം. പിന്നാലെ ഇസ്രായേൽ ആക്രമണം തുടങ്ങിയതോടെ വിഷയം സൗദി ഉപേക്ഷിച്ചു. ഫലസ്തീൻ അന്താരാഷ്ട്ര തലത്തിൽ ചർച്ചയായതോടെ അവർക്ക് രാഷ്ട്രമില്ലാതെ ഇസ്രായേലുമായി ബന്ധമുണ്ടാകില്ലെന്നായിരുന്നു സൗദി കിരീടാവകാശിയുടെ പ്രഖ്യാപനം. യുഎസ് പ്രസിഡണ്ടായി ഡോണൾഡ് ട്രംപ് എത്തിയതോടെ സൗദി ഇസ്രായേൽ ബന്ധം വീണ്ടും ചർച്ചയായി. ബന്ധത്തിലേക്ക് അധികം കാത്തിരിക്കേണ്ടി വരില്ലെന്നാണ് കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞത്. വിഷയത്തിൽ സൗദി പ്രതികരിച്ചിട്ടില്ല. എന്തു ഉപാധിയാകും വെക്കുകയെന്നും വ്യക്തമല്ല.

ജെറുസലേം ആസ്ഥാനമായി ഫലസ്തീന് സ്വന്തം രാഷ്ട്രം എന്ന ആവശ്യം അംഗീകരിച്ചാൽ ദീർഘകാലാടിസ്ഥാനത്തിൽ ഇസ്രായേലുമായി ബന്ധമാകാം എന്നാണ് സൗദി നിലപാട്. ഇതിന് ഇസ്രായേൽ വഴങ്ങാത്ത സാഹചര്യത്തിൽ ട്രംപിന്റെ നിലപാടും നിർണായകമാണ്. സൗദിയുമായി മികച്ച ബന്ധമുള്ള ബിസ്സിനസ്സുകാരൻ കൂടിയാണ് യുഎസ് പ്രസിഡണ്ടായ ഡോണൾഡ് ട്രംപ്. രണ്ടാമൂഴത്തിൽ ട്രംപിന്റെ ആദ്യ വിദേശ സന്ദർശനം എവിടേക്കാകുമെന്ന ചോദ്യത്തിന് ട്രംപിന് ഉത്തരമുണ്ട്. പരമ്പരാഗതമായി യുഎസ് പ്രസിഡണ്ടുമാർ യുകെയിലേക്കാണ് ആദ്യം പോകാറ്. എന്നാൽ ആദ്യമായി പ്രസിഡണ്ടായപ്പോൾ ട്രംപ് പോയത് സൗദിയിലേക്കാണ്. 450 ബില്യൺ യുഎസ് ഡോളറിന്റെ കരാറാണ് അന്ന് ട്രംപ് സൗദി കിരീടാവകാശിയിൽ നിന്ന് ഒപ്പിട്ടു വാങ്ങിയത്. ഇത്തവണയും ഇതേ തുകക്ക് കരാറിന് സൗദി തയ്യാറാണെങ്കിൽ പോകാൻ തയ്യാറാണെന്നാണ് ട്രംപിന്റെ നിലപാട്. ഇന്നലെ സൗദി കിരീടാവകാശി യുഎസ് പ്രസിഡണ്ടുമായി സംസാരിച്ചിരുന്നു. അറുന്നൂറ് ബില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപം സൗദി യുഎസിൽ നടത്തുമെന്നാണ് കിരീടാവകാശിയുടെ വാക്ക്. വരാനിരിക്കുന്ന മാസങ്ങൾ സൗദിയെ സംബന്ധിച്ച് സാമ്പത്തിക നേട്ടങ്ങളുടേതാകും. അതിനപ്പുറം പശ്ചിമേഷ്യയുടെ രാഷ്ട്രീയത്തിൽ എന്ത് സ്വാധീനം സൃഷ്ടിക്കുമെന്നതാണ് ലോകം കാത്തിരിക്കുന്നത്.

TAGS :

Next Story