ഖത്തർ ലോകകപ്പിനെ ആവേശപൂർവം വരവേറ്റ് സൗദി മലയാളികളും
വിവിധ മലയാളി കൂട്ടായ്മകൾ സംഘടിപ്പിച്ച പരിപാടികളിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ നിരവധി പേർ പങ്കെടുത്തു
സൗദി അറേബ്യ: കാൽപ്പന്ത് കളിയുടെ ലോകമാമാങ്കത്തിന് ഖത്തറിൽ തിരി തെളിയുമ്പോൾ തൊട്ടടുത്ത അയൽ രാജ്യമായ സൗദിയിലും അത്യാവേശത്തിലാണ് മലയാളി സമൂഹം, ലോകകപ്പിനെ വരവേൽക്കുന്നതിനായി ജിദ്ദയിൽ വിവിധ മലയാളി കൂട്ടായ്മകൾ സംഘടിപ്പിച്ച പരിപാടികളിൽ ആരാധകരുടെ ആവേശം അണപൊട്ടി. വിവിധ കൂട്ടായ്മകൾക്ക് കീഴിൽ സംഘടിപ്പിച്ച പരിപാടികളിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ നിരവധി പേർ പങ്കെടുത്തു.
ജിദ്ദ കേരള പൗരാവലിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വേൾഡ് കപ്പ് ഫിയസ്റ്റ വിവിധ കൂട്ടായ്മകളുടെ സംഗമ വേദിയായി മാറി. ജിദ്ദയിലെ റിയൽ കേരള സ്റ്റേഡിയത്തിൽ വൈകുന്നേരം 5 മണിയോടെ ആരംഭിച്ച പരിപാടി പുലർച്ചെ വരെ തുടർന്നു. വിവിധ രാജ്യങ്ങളുടെ പതാകയേന്തിയും ജഴ്‌സി അണിഞ്ഞും ആരാധകർ ലോകകപ്പിനെ വരവേൽക്കാൻ ഘോഷയാത്രയിൽ അണിനിരന്നു. വാദ്യമേളങ്ങളും കുരുന്നു പ്രതിഭകൾ മുതൽ മുതിർന്നവരെ അവതരിപ്പിച്ച വിവിധ കലാപ്രകടനങ്ങളും പരിപാടിക്ക് കൊഴുപ്പേകി.
ഷൂട്ടൌട്ട്, അർജന്റീന ബ്രസീൽ പ്രദർശന മത്സരം എന്നിവക്ക് പുറമെ. അഞ്ച് ടീമുകൾ മാറ്റുരച്ച സെവൻസ് സോക്കറിന്റെ ഫൈനൽ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഇത്തിഹാദ് എഫ് സിയെ പരാജയപ്പെടുത്തി കെ എൽ ടെൻ ജിദ്ദ എഫ് സി ചാമ്പിയന്മാരായി. വേൾഡ് കപ്പിനെ വരവേൽക്കുന്നതിനായി ജിദ്ദ നവോദയ യുവജനവേദിയും ഹയ്യ ഹയ്യ 2022 എന്ന പേരിൽ ഫുട്‌ബോൾ മത്സരം സംഘടിപ്പിച്ചു. വേൾഡ് കപ്പിൽ മാറ്റുരക്കുന്ന ഒൻപതു രാജ്യങ്ങളെ പ്രതിനിധീകരിച്ച 9 ഏരിയ കമ്മിറ്റികൾ മാറ്റുരച്ച ഫുട്‌ബോൾ മത്സരത്തിൽ മെക്‌സികോയെ പ്രധിനിധീകരിച്ചെത്തിയ ഷറഫിയ ടീം ജേതാക്കളായി. മത്സരത്തിന്റെ മുന്നോടിയായി നടത്തിയ മാർച്ച് പാസ്റ്റിൽ നൂറുകണക്കിന് പേർ പങ്കെടുത്തു.
Adjust Story Font
16