സുരക്ഷിത അവധിക്കാലം; പ്രത്യേക ക്യാമ്പയിനുമായി സൗദി ഗതാഗത മന്ത്രാലയം
പെരുന്നാൾ അവധിക്കാലത്ത് ഡ്രൈവിംഗ് ചെയ്യുന്നവർക്ക് എട്ടിന സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചാണ് ബോധവൽകരണ ക്യാമ്പയിൻ.
റിയാദ്: സൗദിയിൽ പെരുന്നാൾ അവധിക്കാലത്ത് ഡ്രൈവിംഗ് ചെയ്യുന്നവർക്ക് സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങളുമായി ഗതാഗത മന്ത്രാലയം. സുരക്ഷിത അവധിക്കാലം എന്ന പേരിൽ പ്രത്യേക ക്യാമ്പയിനിന് തുടക്കംകുറിച്ചിരിക്കുകയാണ് ട്രാഫിക് വിഭാഗം. എട്ടിന മാർഗ്ഗ നിർദ്ദേശങ്ങളുമായാണ് ബോധവൽക്കരണം സംഘടിപ്പിച്ചു വരുന്നത്.
ചെറിയ പെരുന്നാൾ അവധിക്കാലത്ത് സുരക്ഷിതമായ ഡ്രൈവിംഗ് ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി സൗദി ഗതാഗത സുരക്ഷാ മന്ത്രാലയമാണ് പ്രത്യേക കാമ്പയിന് തുടക്കം കുറിച്ചത്. സുരക്ഷിത അവധിക്കാലം എന്ന തലക്കെട്ടിലാണ് കാമ്പയിൻ. എട്ടിന സുരക്ഷാ നിർദ്ദേശങ്ങൾ ഓർമ്മിപ്പിച്ചാണ് ബോധവൽക്കരണം. അവധിക്കാലത്തെ യാത്രകൾ സുരക്ഷിതമാക്കുകയും റോഡ് അപകടങ്ങൾ കുറുക്കുകയുമാണ് ലക്ഷ്യം.
സീറ്റ് ബെൽറ്റ് ധരിക്കുക,വേഗപരിധി പാലിക്കുക, വാഹനത്തിന്റെ ഡോറുകൾ അടക്കുക, ഡ്രൈവിംഗിനിടയിൽ മൊബൈൽ ഉപയോഗിക്കാതിരിക്കുക, കുട്ടികളെ ചൈൽഡ് സീറ്റിൽ മാത്രം ഇരുത്തുക, യാത്രക്ക് മുമ്പ് കാലാവസ്ഥ മുന്നറിയിപ്പുകൾ അനുസരിച്ചുള്ള മുൻകരുതലുകൾ സ്വീകരിക്കുക തുടങ്ങിയവയാണ് സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ. ഒപ്പം വാഹനത്തിന്റെ ടയറുകളും മറ്റു ഉപകരണങ്ങളുടെയും പ്രവർത്തനക്ഷമത ഉറപ്പ് വരുത്തുവാനും, യാത്രക്ക് മുമ്പായി മതിയായ ഉറക്കം ഉറപ്പ് വരുത്തുവാനും അതോറിറ്റി ആവശ്യപ്പെട്ടു. അവധികാലത്ത് രാജ്യത്ത് വാഹനപകടങ്ങളിലും മരണങ്ങളിലും വലിയ വർധനവ് രേഖപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ബോധവൽക്കരണം ശക്തമാക്കിയത്.
Adjust Story Font
16