Quantcast

മോഷണവും തുടർന്നുണ്ടായ കൊലപാതകവും; 30 വർഷം മുമ്പ് അകന്ന സൗദിയും തായ്‌ലൻഡും വീണ്ടും അടുക്കുന്നു

തായ്‌ലൻഡ് പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ പ്രയൂത് ചാൻ-ഒ-ച കഴിഞ്ഞ മാസം അവസാനവാരത്തിൽ നടത്തിയ സൗദി സന്ദർശനത്തിനിടെയാണ് പുതിയ നീക്കങ്ങൾ. ഇരുരാജ്യങ്ങൾക്കുമിടയിൽ നയതന്ത്രബന്ധം പുനഃസ്ഥാപിക്കാനും വിമാന സർവീസുകൾ പുനരാരംഭിക്കാനും അന്ന് തീരുമാനിച്ചിരുന്നു.

MediaOne Logo

Web Desk

  • Published:

    28 Feb 2022 4:03 PM GMT

മോഷണവും തുടർന്നുണ്ടായ കൊലപാതകവും; 30 വർഷം മുമ്പ് അകന്ന സൗദിയും തായ്‌ലൻഡും വീണ്ടും അടുക്കുന്നു
X

സൗദിയും തായ്‌ലൻഡും തമ്മിൽ ബന്ധം പുനഃസ്ഥാപിച്ചതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വിമാന സർവീസുകൾക്കും തുടക്കമായി. ജിദ്ദയിൽ നിന്നും തായ്‌ലൻഡിലേക്കായിരുന്നു ആദ്യ സർവീസ്. 30 വർഷം മുന്നേയുള്ള ഒരു മോഷണവും കൊലപാതകവും കാരണമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധമുലഞ്ഞത്. 32 വർഷത്തിനു ശേഷമാണ് സൗദി തായ്ലൻഡ് സർവീസുകൾ പുനരാരംഭിച്ചത്. ദേശീയ വിമാന കമ്പനിയായ സൗദിയ ജിദ്ദയിൽനിന്ന് ആദ്യ തായ്ലൻഡ് സർവീസ് നടത്തി. മെയ് ആദ്യത്തിൽ തായ് എയർവെയ്സിന്റെ സൗദി സർവീസുകൾക്കും തുടക്കമാകും.

തായ്‌ലൻഡ് പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ പ്രയൂത് ചാൻ-ഒ-ച കഴിഞ്ഞ മാസം അവസാനവാരത്തിൽ നടത്തിയ സൗദി സന്ദർശനത്തിനിടെയാണ് പുതിയ നീക്കങ്ങൾ. ഇരുരാജ്യങ്ങൾക്കുമിടയിൽ നയതന്ത്രബന്ധം പുനഃസ്ഥാപിക്കാനും വിമാന സർവീസുകൾ പുനരാരംഭിക്കാനും അന്ന് തീരുമാനിച്ചിരുന്നു. റിയാദിൽ കണക്ഷനോട് കൂടി ജിദ്ദയിൽ നിന്ന് പ്രതിവാരം മൂന്നു സർവീസുകൾ വീതമാണ് സൗദിയ ബാങ്കോക്കിലേക്ക് നടത്തുക. 1990 ലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. 1989ൽ ഒരു തായ് തൊഴിലാളി സൗദി കൊട്ടാരത്തിൽനിന്ന് ബ്ലൂ ഡയമണ്ടടക്കമുള്ള അപൂർവ രത്നങ്ങളും 90 കിലോ അമൂല്യ ആഭരണങ്ങളും പണവും മേഷ്ടിച്ച് തായ്ലാൻഡിലേക്ക് കടത്തിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം.

തുടർന്ന് തായ് ഉദ്യോഗസ്ഥർ ആഭരണങ്ങൾ കണ്ടെടുത്ത് സൗദിക്ക് തിരിച്ചു നൽകി. എങ്കിലും അവയെല്ലാം വ്യാജമാണെന്ന് സൗദി അറേബ്യ തിരിച്ചറിഞ്ഞു. ഇതോടെ കേസ് അന്വേഷിക്കാൻ സൗദി രാജ കുടുംബാംഗം തായ്‌ലൻഡിലെത്തി. ഇദ്ദേഹത്തെ ചിലർ തട്ടിക്കൊണ്ടു പൊയി കൊന്നു. മൂന്ന് മാസങ്ങൾക്ക് ശേഷം തായ്‌ലൻഡിലെ സൗദി എംബസിയിലെ മൂന്ന് ജീവനക്കാരും വെടിയേറ്റ് മരിച്ചു. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലെ നയതന്ത്ര ബന്ധം മുറിഞ്ഞു. തായ്‌ലൻഡ് പൗരന്മാർക്ക് സൗദി തൊഴിൽ വിസകളും നിർത്തി. പിന്നാലെ വിവിധ ഘട്ടങ്ങളിലായി 30 വർഷം നീണ്ട ചർച്ചാ ശ്രമങ്ങൾക്കൊടുവിലാണ് ഇരുരാജ്യങ്ങളും തമ്മിൽ ബന്ധം പുനഃസ്ഥാപിക്കുന്നത്. ഇതിനായി തായ്‌ലാൻഡ് പ്രധാനമന്ത്രി 2022 ജനുവരി 22ന് സൗദിയിലെത്തിരുന്നു.


TAGS :

Next Story