ഹജ്ജ് തീർത്ഥാടകർക്കുള്ള കോവിഡ് കുത്തിവെപ്പ് തുടരുന്നു
ഹജ്ജ് ദിവസങ്ങളില്‍ തീർത്ഥാടകർക്കുള്ള ഭക്ഷണം പ്രത്യേക പാക്കറ്റുകളിൽ വിതരണം ചെയ്യും
ഹജ്ജിന് പോകുന്ന തീർത്ഥാടകർക്കുള്ള കോവിഡ് വാക്സിന്റെ രണ്ടാം ഡോസിന്റെ വിതരണം ആരംഭിച്ചു. ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാ സംഗമം ജൂലൈ 19ന് തിങ്കളാഴ്ചയായിരിക്കുമെന്ന് സൗദിയിലെ ഗോളശാസ്ത്ര ഗവേഷകർ പറഞ്ഞു.
കോവിഡ് പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെയാണ് ഇത്തവണയും ഹജ്ജ് കർമ്മങ്ങൾ നടക്കുക. ഹജ്ജ് നടക്കുന്ന അഞ്ച് ദിവസവും തീർത്ഥാടകർക്കുള്ള ഭക്ഷണങ്ങൾ പ്രത്യേകം പാക്കറ്റുകളിലായാണ് വിതരണം ചെയ്യുക. ഇതിനായി അറുപതിനായിരത്തോളം വരുന്ന തീർത്ഥാടകർക്ക് പത്തുലക്ഷത്തോളം ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും നിരീക്ഷിക്കുന്നതിനും പ്രത്യേക വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
രണ്ട് ഡോസ് വാക്സിനും സ്വീരിച്ചവർക്കുമാത്രമേ ഹജ്ജിന് അനുമതി നൽകുകയുള്ളൂ. ആദ്യ ഡോസ് സ്വീകരിച്ച തീർത്ഥാടകർക്കുള്ള രണ്ടാമത്തെ ഡോസിന്റെ വിതരണം ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. ഹജ്ജ് കർമ്മങ്ങളിൽ പങ്കെടുക്കുമെന്ന് തെളിയിക്കുന്നതിനുള്ള രേഖകളുമായി വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തിയാൽ രണ്ടാമത്തെ ഡോസ് സ്വീകരിക്കാം. കൂടാതെ സീസണൽ ഇൻഫ്ളുവൻസ, മെനിഞ്ചറ്റിസ് എന്നീ വാക്സിനുകളും തീർത്ഥാടകർക്കും ഹജ്ജ് സേവകർക്കും ആരോഗ്യ കേന്ദ്രങ്ങളിൽ നൽകിവരുന്നുണ്ട്.
ദുൽഖഅദ് മാസത്തിൽ മുപ്പത് ദിവസം പൂർത്തിയാക്കി ജൂലൈ 11ന് ദുൽഹജ്ജ് ഒന്ന് ആകാനാണ് സാധ്യതയെന്നാണ് ഗോളശാസ്ത്ര ഗവേഷകർ നൽകുന്ന സൂചന. ഇത് ശരിയായാൽ ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാസംഗമം ജുലൈ 19ന് തിങ്കളാഴ്ചയും, ബലിപെരുന്നാൾ ജുലൈ 20ന് ചൊവ്വാഴ്ചയുമായിരിക്കും.
Adjust Story Font
16