സൗദി മന്ത്രിസഭയിൽ സുപ്രധാന മാറ്റം; പുതിയ മന്ത്രിമാരെ നിയമിച്ചു
മറ്റു നിരവധി നിയമനങ്ങളും പ്രഖ്യാപിച്ചുകൊണ്ടാണ് രാജകീയ ഉത്തരവ് പുറത്തിറങ്ങിയത്
ജിദ്ദ: സൗദി മന്ത്രിസഭയിൽ സുപ്രധാന മാറ്റങ്ങൾ വരുത്തി സൽമാൻ രാജാവ് ഉത്തരവിട്ടു. വാർത്താ വിതരണ മന്ത്രാലയത്തിലടക്കം പുതിയ മന്ത്രിമാരെ നിയമിച്ചുകൊണ്ടാണ് മന്ത്രിയസഭയിൽ മാറ്റം വരുത്തിയത്. സൽമാൻ ബിൻ യുസുഫ് അൽദോസരിയാണ് പുതിയ വാർത്താവിതരണ മന്ത്രി, ഇബ്രാഹിം ബിൻ മുഹമ്മദ് അൽ സുൽത്താനെ സ്റ്റേറ്റ് മന്ത്രിയായും മന്ത്രിസഭാ കൗൺസിൽ അംഗമായും നിയമിച്ചു.
റകാൻ ബിൻ ഇബ്രാഹിം അൽ തൗഖാണ് മുതിർന്ന റാങ്കിലുള്ള സാംസ്കാരിക സഹമന്ത്രിയായി നിയമിതനായത്. ഇസ്മാഈൽ ബിൻ സഈദ് അൽഗാംദിയെ മുതിർന്ന റാങ്കിൽ മാനവ വിഭവശേഷി സാമൂഹിക വികസന ഉപ മന്ത്രിയായും നിയമിച്ചു. ഇത് കൂടാതെ ഹമൂദ് അൽ മുറൈഖിയെ മന്ത്രി പദവിയോടെ റോയൽ കോർട്ട് ഉപദേശകനായും, ലെഫ്റ്റനൻറ് ജനറൽ മുഹമ്മദ് ബിൻ ആമിർ അൽ ഹർബിയെ രഹസ്യാന്വേഷണ വിഭാഗം ഉപാദ്ധ്യക്ഷനായും നിയമിച്ചു.
ഡോ. അബ്ദുറഹ്മാൻ ബിൻ ഹമദ് അൽ ഹർകാനെ മുതിർന്ന റാങ്കിൽ സ്റ്റേറ്റ് റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി ഗവർണറായാണ് നിയമിച്ചത്. പത്ര ലേഖകനായാണ് വാർത്താവിതരണ മന്ത്രിയായി നിയമിതനായ സൽമാൻ ബിൻ യൂസുഫ് അൽദോസരി ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. രാജ്യത്തെ നിരവധി മുൻനിര മാധ്യമങ്ങളിൽ പ്രവർത്തിച്ച സൽമാൻ ബിൻ യൂസുഫ്ല്‍ ദോസരിയെ 2021-ൽ സൽമാൻ രാജാവ് കിങ് അബ്ദുൽ അസീസ് സെക്കൻഡ് ക്ലാസ് മെഡൽ നൽകി ആദരിച്ചിരുന്നു.
Adjust Story Font
16