സൗദിയിലെ സ്‌കൂൾ കാന്റീനുകളിൽ ശീതളപാനീയങ്ങൾക്ക് വിലക്ക്
രാജ്യത്തെ സ്‌കൂൾ കാന്റീനുകളില് വിതരണം ചെയ്യുന്ന വസ്തുക്കൾ നിരീക്ഷിക്കാൻ ശക്തമായ പരിശോധന സംഘടിപ്പിക്കും.
ദമാം: സൗദിയിലെ സ്‌കൂൾ കാന്റീനുകളില് ശീതള പാനീയങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതായി വിദ്യഭ്യാസ മന്ത്രാലയ വക്താവ് അറിയിച്ചു. പാനീയങ്ങൾ വിദ്യാർത്ഥികളുടെ ആരോഗ്യകരമായ വളർച്ചക്ക് വിരുദ്ധമായതിനാലാണ് വിലക്കിയതെന്നും അദ്ദേഹം വിശദീകരിച്ചു. നിർദേശം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ പ്രാദേശികമായി പരിശോധനകൾ ശക്തമാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ച് ഇന്ന് സ്‌കൂളുകൾ പ്രവർത്തനം ആരംഭിച്ചിരുന്നു. ഇതിനെ തുടർന്നാണ് വിദ്യാർത്ഥികളുടെ ആരോഗ്യപരിപാലനവുമായി ബന്ധപ്പെട്ട് സ്‌കൂൾ കാന്റീനുകളിൽ ശീതളപാനീയങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. വിദ്യാഭ്യാസ മന്ത്രാലയ വക്താവ് ഇബ്തിസാം അൽശഹ്‌രിയാണ് ഇത് സംബന്ധിച്ച് വിശദീകരണം നൽകിയത്. ശീതള പാനീയങ്ങൾ ആരോഗ്യകരമായ വ്യവസ്ഥക്ക് വിരുദ്ധമാണ്. രാജ്യത്തെ സ്‌കൂൾ കാന്റീനുകളിൽ വിതരണം ചെയ്യുന്ന വസ്തുക്കൾ നിരീക്ഷിക്കാൻ ശക്തമായ പരിശോധന സംഘടിപ്പിക്കും.
ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ കാന്റീനുകളിൽ മന്ത്രാലയം ലഭ്യമാക്കുന്നുണ്ട്. കാന്റീനുകൾ മന്ത്രാലയ നിർദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുമെന്നും മന്ത്രാലയ വക്താവ് പറഞ്ഞു. സ്കൂളുകളിലെ കാന്റീൻ നടത്തിപ്പ് സുതാര്യമാക്കുന്നതിനും ശുചിത്വവും സുരക്ഷയും ഉറപ്പ് വരുത്തുന്നതിനുമായി ടെണ്ടർ നടപടികൾ നേരത്തെ പൂർത്തിയാക്കാൻ മന്ത്രാലയം നിർദേശം നൽകിയിരുന്നു. കാന്റീനുകളിൽ വിതരണം ചെയ്യുന്ന ലഘുഭക്ഷണങ്ങളുടെയും പാനീയങ്ങളുടെയും ഗുണമേന്മ ഉറപ്പ് വരുത്തുന്നതിന് നിരീക്ഷണം ശക്തമാക്കാൻ ആവശ്യപ്പെട്ട് മേഖല വിദ്യാഭ്യാസ വകുപ്പുകൾക്ക് നിർദേശം നൽകിയതായും ഇബ്തിസാം അൽശഹ്‌രി പറഞ്ഞു.
Adjust Story Font
16