Quantcast

ഗുസ്തി താരങ്ങളുടെ സമരത്തിന് ദമ്മാമിൽ ഐക്യദാർഢ്യം

MediaOne Logo

Web Desk

  • Published:

    5 Jun 2023 3:58 AM GMT

ഗുസ്തി താരങ്ങളുടെ സമരത്തിന്   ദമ്മാമിൽ ഐക്യദാർഢ്യം
X

ഒളിംപിക്‌സ് അടക്കമുള്ള നിരവധി രാജ്യാന്തര മത്സരങ്ങളിൽ മെഡലുകൾ കരസ്ഥമാക്കിയ സാക്ഷി മാലികും ബജ്‌റംഗ് പുനിയയും വിനേഷ് ഫോഗട്ടും അടക്കമുള്ള ഗുസ്തി താരങ്ങൾ നയിക്കുന്ന നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തെ പിന്തുണക്കുന്നതായി പ്രവാസി വെൽഫെയർ ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി.

മെഡലുകൾ നദിയിലേക്ക് ഒഴുക്കുമെന്ന് വരെ അവർക്ക് പ്രഖ്യാപിക്കേണ്ടി വന്നിട്ടുണ്ടെങ്കിൽ അവരനുഭവിക്കുന്ന നീതി നിഷേധം എത്ര കനത്തതായിരിക്കുമെന്ന് ആലോചിക്കണം. പ്രത്യേക പരിഗണന പോയിട്ട് പ്രാഥമിക അവകാശങ്ങൾക്ക് പോലും രാജ്യത്തെ ഒളിംപ്യന്മാർക്ക് അർഹതയില്ലെന്നാണ് ബി.ജെ.പി നിലപാടുകളിലൂടെ വ്യക്തമാകുന്നത്.

ബി.ജെ.പി എം.പിയും ഗുസ്തി ഫെഡറേഷൻ പ്രസിഡണ്ടുമായ ബ്രിജ് ഭൂഷൺ സിംഗിനെതിരായ ലൈംഗിക പീഡന പരാതിയിൽ നീതിപൂർവകമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാറും ഡൽഹി പൊലീസും ഇതേ വരേയ്ക്കും തയ്യാറായിട്ടില്ല. കഴിഞ്ഞ ജനുവരി മുതലാരംഭിച്ച കായിക താരങ്ങളുടെ സമരത്തെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്തി ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

ലോകത്തൊരു ജനാധിപത്യ രാജ്യത്തെയും സർക്കാർ ഈ സ്വഭാവത്തിലുള്ള സുപ്രധാന വിഷയത്തോട് ഇങ്ങനെയൊരു സമീപനം സ്വീകരിക്കും എന്ന് തോന്നുന്നില്ല.

രാജ്യാന്തര പ്രശസ്തരായ കായിക താരങ്ങളായിട്ട് പോലും അവരുന്നയിക്കുന്ന ലൈംഗിക പീഡന പരാതിയിൽ നീതി താല്പര്യങ്ങളെക്കാൾ രാഷ്ട്രീയ താല്പര്യങ്ങൾക്ക് മുൻഗണന നൽകി കുറ്റാരോപിതരെ സംരക്ഷിക്കുന്ന നിലപാടാണ് ബി.ജെ.പി സർക്കാർ സ്വീകരിക്കുന്നത്.

കായിക താരങ്ങൾ ഇപ്പോൾ ഉന്നയിക്കുന്ന വിഷയത്തോടും അവരുടെ സമരങ്ങളോടും കൂടുതൽ ഏകോപിതവും ഐക്യരൂപവുമുള്ള പിന്തുണ ഇനിയും ആവശ്യമാണ്. രാജ്യത്തെ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളും നേതാക്കളും സമരത്തിൽ കൂടുതലായി അണി ചേരുകയും സമരം വിജയിപ്പിക്കാനുള്ള പിന്തുണയും പങ്കാളിത്തവും ഉറപ്പ് നൽകുകയും വേണമെന്ന് യോഗത്തിൽ സംസാരിച്ച സമീഉല്ല കൊടുങ്ങല്ലൂർ ആവശ്യപ്പെട്ടു. സുനില സലിം സ്വാഗതം പറഞ്ഞ യോഗത്തിൽ നവീൻ കുമാർ നന്ദി പറഞ്ഞു. ഷബീർ ചാത്തമംഗലം അധ്യക്ഷത വഹിച്ചു. അബ്ദുറഹീം, അൻവർ സലിം, നിയാസ് തുടങ്ങിയവർ സംബന്ധിച്ചു.

TAGS :

Next Story