സൗദിയിൽ അടുത്ത മാസം മുതൽ വേനൽ കനക്കും
പുണ്യ നഗരമായ മക്കയിലാണ് സൗദിയിലെ ഏറ്റവുമധികം താപനില ഉയർന്നിട്ടുള്ളത്
റിയാദ്: സൗദിയിൽ അടുത്ത മാസം മുതൽ വേനൽ കനക്കുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം. രാജ്യത്തിന്റെ ഏഴു മേഖലകളിൽ വരും ദിവസങ്ങളിൽ മഴയും പൊടിക്കാറ്റും ഉണ്ടാവുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. പുണ്യ നഗരമായ മക്കയിലാണ് സൗദിയിലെ ഏറ്റവുമധികം താപനില ഉയർന്നിട്ടുള്ളത്.
രാജ്യത്തിന്റെ വിവിധ മേഖലകളിൽ വ്യത്യസ്തമായ കാലാവസ്ഥയാണ് നിലവിൽ നിലനിൽക്കുന്നത്. വിവിധ ഭാഗങ്ങളിൽ താപനില ഉയർന്നിട്ടുണ്ട്. വേനലിലേക്ക് പ്രവേശിക്കും മുമ്പേ സൗദിയുടെ വിവിധ ഭാഗങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസ് പിന്നിട്ടു. മക്ക,| റിയാദ്, അൽ ഹസ്സ, ദമ്മാം,| ഹഫർ ബാതിൻ, വാദി ദവാസിർ നഗരങ്ങളിലാണ് താപനില 40 ഡിഗ്രി സെൽഷ്യസ് പിന്നിട്ടത്.
രാജ്യത്തെ ഇന്നത്തെ ഏറ്റവുമധികം താപനില രേഖപ്പെടുത്തിയത് പുണ്യ നഗരമായ മക്കയിലാണ്. 43 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നിട്ടുണ്ട്. ഈയാഴ്ചയോടെ താപനില 46 ഡിഗ്രി സെൽഷ്യസ് പിന്നിടുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ചിലയിടങ്ങളിൽ മഴയും, പൊടിക്കാറ്റും അടങ്ങിയ കാലാവസ്ഥയുണ്ടാകുമെന്നും കാലാവസ്ഥാ കേന്ദ്രം റിപ്പോർട്ട് ചെയ്യുന്നു.
അസീർ, അൽബഹ, ജിസാൻ, നജ്‌റാൻ, മക്ക, മദീന മേഖലകലിലെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ച മുതൽ നേരിയ മഴയും പൊടിക്കാറ്റിനും സാധ്യതയുണ്ട്. ചില പ്രദേശങ്ങളിൽ ഇടിമിന്നലും ശക്തമായ കാറ്റോടു കൂടിയ പേമാരിയുണ്ടാവുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. തിരമാലകളും കാലാവസ്ഥാ മാറ്റത്തിൽ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗദിയുടെ കിഴക്കൻ മേഖലകളിൽ അസാധാരണ മഴ ലഭിക്കുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
Adjust Story Font
16