ഹജ്ജ് വളണ്ടിയർമാർക്ക് തനിമ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു
രോഗികളായ ഹാജിമാരെ പരിചരിക്കുന്നതിന് പ്രത്യേകം ടീമിനെ തന്നെ തനിമ സജ്ജമാക്കിയിട്ടുണ്ട്
മക്കയിൽ തനിമ വളണ്ടിയർ വിങ് ഹജ്ജ് വളണ്ടിയർമാർക്കുള്ള പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. വളണ്ടിയർമാരെ പ്രത്യേക വിഭാഗങ്ങളാക്കി തിരിച്ചാണ് സേവനത്തിനിറക്കുക. ഓരോ വിഭാഗത്തിനും ആവശ്യമായ പരിശീലനം നൽകിയതായി തനിമ ഭാരവാഹികൾ അറിയിച്ചു. മക്കയിൽ അസീസിയയിലെ തനിമ സെന്ററിൽ വെച്ച് നടന്ന പരിശീന ക്യാമ്പിൽ വനിതകളും കുട്ടികളുമുൾപ്പെടെ നിരവധി പേരാണ് പങ്കെടുത്തത്.
തനിമ പ്രൊവിൻസ് പ്രസിഡന്റ് ഫസൽ കൊച്ചി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹജ്ജ് വളണ്ടിയർ വിംഗ് കോഓർഡിനേറ്റർ സഫീർ അലി മഞ്ചേരി വളണ്ടിയർമാർക്ക് പ്രവർത്തന രീതികളെ കുറിച്ചുള്ള നിർദേശങ്ങൾ നൽകി. ഇത്തവണ കൂടുതൽ വ്യവസ്ഥാപിതവും ശാസ്ത്രീയവുമായാണ് തനിമയുടെ വളണ്ടിയർമാർ സേവനത്തിനിറങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. വനിതകളുൾപ്പെടെയുള്ള വളണ്ടിയർമാർ രണ്ട് ഷിഫ്റ്റുകളായി മുഴു സമയവും തീർഥാടകരുടെ സേവനത്തിനുണ്ടാകും. ഹറമിന്റെ വിവിധ ഭാഗങ്ങളിലും, ബസ്സ് സ്റ്റോപ്പുകളിലും, ഹാജിമാർ താമസിക്കുന്ന കെട്ടിടങ്ങൾ കേന്ദ്രീകരിച്ചും തനിമ വളണ്ടിയർമാർ പ്രവർത്തിക്കുന്നുണ്ട്.
രോഗികളായ ഹാജിമാരെ പരിചരിക്കുന്നതിന് പ്രത്യേകം ടീമിനെ തന്നെ തനിമ സജ്ജമാക്കിയിട്ടുണ്ട്. മുഴു സമയവും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈനും, വഴിതെറ്റുന്ന ഹാജിമാരെ താമസ്ഥലത്ത് എത്തിക്കാനുള്ള പ്രത്യേക ടീമും തനിമയുടെ പ്രത്യേകതയാണ്. ചടങ്ങിൽ വളണ്ടിയർ കൺവീനർ അബ്ദുൾ ഹകീം അധ്യക്ഷനായിരുന്നു. ശമീൽ ടി.കെ, ഷാനിബ നജാത്, മജീദ് വേങ്ങര, അനീസുൽ ഇസ്ലാം, മുന അനീസ് തുടങ്ങിയവർ സംസാരിച്ചു.
Adjust Story Font
16