സൗദിയിൽ ടാക്‌സി നിയമാവലി പരിഷ്‌കരിച്ചു; മീറ്റർ പ്രവർത്തിപ്പിച്ചില്ലെങ്കിൽ പണം അടക്കേണ്ട
വനിതാ ടാക്സിയിൽ ഒരു വനിതാ യാത്രക്കാരി നിർബന്ധം.
സൗദിയിൽ ടാക്സികളിൽ മീറ്റർ പ്രവർത്തിപ്പിക്കാതിരുന്നാൽ യാത്രക്കാർ പണം നൽകേണ്ടതില്ലെന്ന് പരിഷ്കരിച്ച നിയമാവലി. ഇത്തരം യാത്രകൾ സൗജന്യയാത്രയായി കണക്കാക്കും. വനിതകൾ ഓടിക്കുന്ന ഫാമിലി ടാക്സികളിൽ യാത്രക്കാർക്കൊപ്പം പ്രായപൂർത്തിയായ ഒരു സ്ത്രീയെങ്കിലും നിർബന്ധമാണ്. നിയമാവലികൾ പാലിക്കാത്ത ഡ്രൈവർമാരുടെ ലൈസൻസുകൾ റദ്ദാക്കുന്നതുൾപ്പെടെയുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
യാത്രക്കാർ കാറിനുള്ളിൽ പുകവലിക്കുക, ഭക്ഷണം കഴിക്കുക, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, കാറിലെ ഉപകരണങ്ങളും സ്റ്റിക്കറുകളും നശിപ്പിക്കുക തുടങ്ങിയ സാഹചര്യങ്ങളിൽ യാത്ര നിഷേധിക്കാൻ ഡ്രൈവർക്ക് അനുവാദമുണ്ട്. കൂടാതെ യാത്രക്കാർ പൊതു ധാർമ്മികത പാലിക്കാതിരിക്കുക, ഡ്രൈവറുമായി മാന്യമായി പെരുമാറാതിരിക്കുക, മയക്ക് മരുന്ന് ഉപയോഗിക്കുക, ആക്രമണ സ്വഭാത്തോടെ പെരുമാറുക, സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിലേക്ക് സേവനം ആവശ്യപ്പെടുക തുടങ്ങിയ സാഹചര്യങ്ങളിലും ഡ്രൈവർമാർക്ക് യാത്ര നിഷേധിക്കാം.
വനിതകൾ ഓടിക്കുന്ന ഫാമിലി ടാക്സികളിൽ യാത്രക്കാർക്കൊപ്പം ചുരുങ്ങിയത് പ്രായപൂർത്തിയായ ഒരു വനിതയെങ്കിലും ഉണ്ടായിരിക്കേണ്ടതാണ്. യാത്രക്കാരന്റെ പക്കൽ നിന്ന് നഷ്ടപ്പെട്ട വസ്തുക്കൾ തിരികെ നൽകാനല്ലാതെ ഡ്രൈവർ യാത്രക്കാരനുമായും തിരിച്ചും ഫോണിൽ ബന്ധപ്പെടരുത്. ഭാരം കൂടിയ ലഗേജും കാറിൻ്റെ ഡിക്കിയിൽ കൊള്ളാത്ത വിധം വലിപ്പക്കൂടുതലുള്ള ലഗേജുകളും നിരോധിത വസ്തുക്കളും യാത്രക്കാർ കാറിൽ കയറ്റരുതെന്നും ടാക്സി യാത്രക്കാരും ജീവനക്കാരും പാലിക്കേണ്ട പരിഷ്കരിച്ച നിയമാവലികളിൽ വ്യക്തമാക്കുന്നു.
Adjust Story Font
16