Quantcast

കണ്ണൂര്‍ എയർപോർട്ട്; പ്രവാസി വെല്‍ഫെയര്‍ ടീ ടോക്ക് സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    16 July 2023 6:20 AM GMT

Tea Talk on Kannur Airport issue
X

കണ്ണൂര്‍ എയർപോർട്ട് സംരക്ഷണത്തിനായി പ്രവാസി വെല്‍ഫെയർ നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി "കണ്ണൂര്‍ എയർപോർട്ടിന്റെ ചിറകരിയരുത്" എന്ന തലക്കെട്ടില്‍ പ്രവാസി വെല്‍ഫയര്‍ കണ്ണൂര്‍-കാസര്‍ഗോഡ്‌ ജില്ലാ കമ്മിറ്റി ടീ ടോക്ക് സംഘടിപ്പിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ രാഷ്ട്രീയ, പ്രാദേശിക സംഘടനകളും സാമൂഹിക പ്രവര്‍ത്തകരും പങ്കെടുത്തു.

യാത്രാ പ്രശ്നവും പ്രത്യേകിച്ച് കണ്ണൂര്‍ എയർപോർട്ട് നേരിടുന്ന അവഗണനയും കക്ഷി രാഷ്ട്രീയഭേദമന്യേ പ്രവാസ ലോകത്തിന്റെ ആകുലതയാണെന്ന് പരിപാടി വിലയിരുത്തി.

സാങ്കേതികത്വത്തിന്റെ പേരില്‍ വലിയ സാധ്യതകളുള്ള സംരംഭത്തെ തകര്‍ക്കുന്നത് പ്രദേശത്തിന്റെ വികസനത്തെ തന്നെ തകര്‍ക്കുന്നതാണെന്ന് അഭിപ്രായമുയര്‍ന്നു. കണ്ണൂരിലേക്കുള്ള രൂക്ഷമായ യാത്രാ പ്രശ്നവും ഉയര്‍ന്ന ടിക്കറ്റ് നിരക്കും സര്‍വ്വീസുകളുടെ പ്രഫഷണലിസമില്ലായ്മയും യാത്രക്കാരുടെ അനുഭവങ്ങളാണ്.

സര്‍ക്കാര്‍ നേതൃത്വങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ഈ വിഷയത്തെ വേണ്ടത്ര ഗൗരവപൂർവം പരിഗണിക്കുന്നില്ല. പ്രവാസികളുടെ വിഷയം എന്നതിലുപരി നാട്ടിന്റെ വികസനവിഷയമായി കണ്ടു പ്രക്ഷോഭങ്ങള്‍ നടത്താനും സമ്മര്‍ദം ചെലുത്താനും രാഷ്ട്രീയ നേതൃത്വങ്ങള്‍ തയാറാവണം. വാണിജ്യ-വ്യവസായ വികസനത്തിനുള്ള വാതിലായി കൂടി പരിഗണന കൊടുത്ത് സമീപിക്കേണ്ട വിഷയമാണിത്. തുടക്കത്തില്‍ നിരവധി സര്‍വ്വീസുകളും നിരവധി യാത്രക്കാരും ഉണ്ടായിരുന്ന വിമാനത്താവളത്തെ പ്രതിസന്ധിയിലാക്കിയതില്‍ യോഗത്തില്‍ പലരും രോഷം പ്രകടിപ്പിച്ചു.

പ്രവാസലോകം ഒറ്റക്കെട്ടായി സമ്മര്‍ദം ചെലുത്തുകയും നാട്ടിലുള്ള പ്രവാസി കുടുംബങ്ങളെ ഉള്‍പെടുത്തി സമര പരിപാടികൾ ആസൂത്രണം ചെയ്യണമെന്നും ടീ ടോക്കിൽ പങ്കെടുത്തവർ അഭിപ്രായം രേഖപ്പെടുത്തി. എയർപോർട്ട് സംരക്ഷണത്തിനായുള്ള പ്രക്ഷോഭങ്ങളില്‍ മുഴുവന്‍ സംഘടനകളും പിന്തുണ അറിയിച്ചു.

പ്രവാസി വെല്‍ഫെയര്‍ കിഴക്കന്‍ പ്രവിശ്യ വൈസ് പ്രസിഡന്‍റ് മുഹ്സിന്‍ ആറ്റശ്ശേരി ടീ ടോക്ക് ഉദ്ഘാടനം ചെയ്തു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു ഒപി ഹബീബ് ( കെഎംസിസി ), മുസ്തഫ മയ്യില്‍ , ജിബിന്‍ തോമസ്‌ ( ഒഐസിസി), ഹനിഫ് അറബി ( ഐഎംസിസി ), തനൂഫ് ഇംതിയാസ് ( ടിഎംഡബ്ലിയുഎ), അഷ്‌റഫ്‌ മാസ്റ്റര്‍ , ഖലീല്‍ പടിഞ്ഞാര്‍ ( കെഡിഎസ്എഫ്), ബാബു ( പയ്യന്നൂര്‍ സൗഹൃദവേദി), അബ്ദു ( തൃക്കരിപ്പൂര്‍ കൂട്ടായ്മ), ജാബിര്‍ (ഇരിക്കൂര്‍ എന്‍ആര്‍ഐ ഫോറം), അബ്ദുറഹീം, ബിജു പൂതക്കുളം, സൈറ ത്വയിബ്, ആബിദ അഫ്സല്‍ ( പ്രവാസി വെല്‍ഫെയര്‍), മുഹമ്മദ്‌, സാജിദ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. പ്രവാസി വെല്‍ഫെയർ പ്രവിശ്യാ വൈസ് പ്രസിഡന്‍റ് സിറാജ് തലശ്ശേരി അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഖലീലുറഹ്മാന്‍ അന്നട്ക്ക സ്വാഗതവും ഷക്കീര്‍ ബിലാവിനകത്ത് നന്ദിയും പറഞ്ഞു. ശജീര്‍ തൂണേരി, ജമാല്‍ പയ്യന്നൂര്‍, തന്സീം കണ്ണൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

TAGS :

Next Story