കഅ്ബ കഴുകൽ ചടങ്ങ് പൂർത്തിയായി: ചടങ്ങ് തുടങ്ങിയത് പുലർക്കാല പ്രാർഥനക്ക് ശേഷം
കഅ്ബ കഴുകലിൽ പങ്കുചേർന്ന് എംഎ യൂസുഫലി
മക്കയിലെ വിശുദ്ധ കഅ്ബാലയം കഴുകൽ ചടങ്ങ് പൂർത്തിയായി. പുലർച്ചെക്കുള്ള നമസ്കാരത്തിന് ശേഷം സൽമാൻ രാജാവിനെ പ്രതിനിധീകരിച്ച് മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവർണർ ചടങ്ങിന് നേതൃത്വം നൽകി. വ്യവസായ പ്രമുഖൻ എംഎ യൂസുഫലിയും കഅ്ബ കഴുകൽ ചടങ്ങിൽ പങ്കാളിയായി.
കഴിഞ്ഞ ദിവസം പുലർച്ചെയുള്ള സുബഹി നമസ്കാരത്തിന് പിന്നാലെയാണ് കഅ്ബ കഴുകുന്ന ചടങ്ങിന് തുടക്കമായത്. മക്കാ വിജയത്തിന് ശേഷം പ്രവാചകൻ നടത്തിയ ചടങ്ങാണ് ഓരോ വർഷവും പിന്തുടർന്ന് പോരുന്നത്.
മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവർണർ ബദ്ർ ബിൻ സുൽത്താൻ രാജകുമാരൻ, ഇരുഹറമുകളുടെയും മേധാവി ശൈഖ് സുദൈസ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥർക്കുമൊപ്പം സൗൗദി ഭരണകൂടത്തിന്റെ അതിഥിയായി എംഎ യൂസുഫലിയും ചടങ്ങിൽ പങ്കെടുത്തു.
ഊദ് എണ്ണയും റോസ് ഓയിലും ഉപയോഗിച്ചാണ് കഅ്ബയുടെ ചുവരുകൾ വൃത്തിയാക്കുക. എല്ലാ വർഷവും മുഹറം 15 ന് ആണ് കഅ്ബ കഴുകൽ ചടങ്ങ് നടത്താറുള്ളത്. ചടങ്ങിൽ പങ്കെടുക്കാനും കഅ്ബക്കുള്ളിൽ പ്രവേശിക്കാനും സാധിച്ചതിന് ദൈവത്തോട് നന്ദി പറയുന്നതായി എംഎ യൂസുഫലി പറഞ്ഞു. മക്കാ ഗവർണറുമായി കൂടിക്കാഴ്ചയും അദ്ദേഹം പൂർത്തിയാക്കി.
Adjust Story Font
16