ചർച്ച തുടങ്ങി; സൗദികളും ഹൂതികളും ആലിംഗനം ചെയ്യുന്ന വീഡിയോ വൈറൽ
ഒമാന്റെ മധ്യസ്ഥതയിലാണ് നീക്കങ്ങൾ
യമനിലെ യുദ്ധം അവസാനിപ്പിച്ച് സൗദിയുമായി ബന്ധം പുനസ്ഥാപിക്കാനുള്ള നിർണായക ചർച്ചകൾക്ക് സൻആയിൽ തുടക്കമായി. സൗദിയിൽ നിന്നുള്ള സ്ഥാനപതിക്ക് കീഴിലുള്ള പ്രത്യേക സംഘവും ഹൂതികളും ചർച്ച നടത്തുന്നത് ഒമാന്റെ മധ്യസ്ഥതയിലാണ്. ചർച്ചകൾ പൂർത്തിയാകുന്നതോടെ സമ്പൂർണ വെടിനിർത്തൽ പ്രഖ്യാപിച്ച് യുദ്ധം അവസാനിപ്പിക്കും.
അപ്രതീക്ഷിത നീക്കങ്ങൾക്കാണ് ദിവസങ്ങളായി സൗദി അറേബ്യക്ക് കീഴിൽ പശ്ചിമേഷ്യ സാക്ഷ്യം വഹിക്കുന്നത്. യമൻ തലസ്ഥാനമായ സൻആയിലെത്തിയ സൗദി സംഘം ഹൂതികളെ ആലിംഗനം ചെയ്യുന്ന ദൃശ്യങ്ങൾ നിലവിൽ സൗദിയിൽ വൈറലാണ്.
വൈര്യം മറന്നാൽ ചേർത്തു പിടിക്കുന്ന അറബ് പാരമ്പര്യം പുതിയ സമാധാന സന്ദേശമായി. ഇറാൻ ബന്ധമുള്ള ഷിയാ വിഭാഗമായ ഹൂതികൾക്ക് യമൻ രാഷ്ട്രീയത്തിൽ പങ്ക് നൽകുകയാണ് പ്രധാന നീക്കം. ഇതോടെ സൗദിയുമായുള്ള ഏറ്റുമുട്ടൽ ഇവരവസാനിപ്പിക്കും. ഇതിനുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്.
യമനിലേക്കുള്ള സൗദി അംബാസിഡറാണ് നേതൃത്വം നൽകുന്നത്. തടവുകാരെ കൈമാറൽ, സമ്പൂർണ വെടിനിർത്തൽ, യുദ്ധം അവസാനിപ്പിക്കൽ, സെൻട്രൽ ബാങ്ക് ലയനം തുടങ്ങിയ വിഷയങ്ങളിൽ ധാരണയിലെത്തും.
പിന്നീട് യുഎൻ തയ്യാറാക്കുന്ന കരട് ഇരു കൂട്ടരും അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാനുള്ള വഴി തെളിയും. വിവിധ വിഷയങ്ങൾ ഉന്നയിച്ച് ഭരണകൂടത്തിനെതിരെ ഹൂതികൾ തുടങിയ പ്രക്ഷോഭം ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങി. യമനിലെ പ്രധാന ഭാഗങ്ങൾ ഇവർ ഏറ്റുമുട്ടലിലൂടെ കയ്യടക്കുകയും ചെയ്തു. ഇതോടെ വീഴാറായ യമൻ ഭരണകൂടം ഇതോടെ സൗദിയുടെ സഹായം തേടി. അങ്ങിനെയാണ് 2014ൽ സൗദി സഖ്യസേന യുദ്ധത്തിൽ പങ്കാളിയായത്.
ഏദൻ ഉൾപ്പെടെ യമനിലെ പ്രധാന ഭാഗങ്ങളും തലസ്ഥാനവും ഹൂതികളുടെ പക്കലാണ്. യുദ്ധം അനന്തമായി നീണ്ടതോടെ പട്ടിണിയും സാമ്പത്തിക പ്രതിസന്ധിയും യമനിൽ രൂക്ഷമായി. ഇതോടെ യുദ്ധമവസാനിപ്പിക്കാൻ യുഎന്നും ലോക രാജ്യങ്ങളും ആവശ്യപ്പെട്ടു. പിന്നാലെ വിവിധ രാഷ്ട്രങ്ങളുടെ മധ്യസ്ഥതയിൽ ചർച്ചക്ക് നീക്കം തുടങ്ങി.
ഐക്യരാഷ്ട്ര സഭക്ക് പുറമെ ഹൂതി കക്ഷികളുമായി ബന്ധമുള്ള ഒമാനും മുന്നിൽ നിന്നതോടെ സമാധാനത്തിലേക്ക് നീങ്ങുകയാണ് പശ്ചിമേഷ്യ. ഹൂതികൾക്ക് ആയുധമെത്തിച്ചിരുന്ന ഇറാനുമായി സൗദി ബന്ധം പുനസ്ഥാപിച്ചിരുന്നു. നീക്കം മേഖലക്ക് സാമ്പത്തിക രാഷ്ട്രീയ സ്ഥിരതയും സൃഷ്ടിക്കും.
Adjust Story Font
16