ഗസ്സയുൾപ്പെടെയുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാതെ സാമ്പത്തിക രംഗം ഭദ്രമായിരിക്കില്ല- വേൾഡ് എകണോമിക് ഫോറം
ഗസ്സയിലെ വിഷയം പ്രത്യേകമായി സൗദി അറേബ്യ യു.എസ് സ്റ്റേറ്റ് സെക്രട്ടറിയുമായി ചർച്ച ചെയ്യും
റിയാദ്: ഗസ്സയുൾപ്പെടെയുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാതെ ലോക സാമ്പത്തിക രംഗം ഭദ്രമായിരിക്കില്ലെന്ന് വേൾഡ് എകണോമിക് ഫോറത്തിന്റെ പ്രത്യേക യോഗം. യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുമായുള്ള യോഗത്തിൽ ഗസ്സ വിഷയത്തിൽ പ്രായോഗിക നടപടികളുണ്ടാക്കണമെന്ന് ആവശ്യപ്പെടുമെന്ന് സൗദി വിദേശകാര്യ മന്ത്രി പറഞ്ഞു. ഇസ്രയേലിലേക്കുള്ള ആയുധ കയറ്റുമതി മുഴുവൻ രാജ്യങ്ങളും അവസാനിപ്പിക്കണമെന്നും സൗദി ആവശ്യപ്പെട്ടു. റിയാദിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറം സാമ്പത്തിക മേഖലയിലെ പ്രതിസന്ധികളും ടൂറിസം സാധ്യതകളും ചർച്ച ചെയ്തു.
ആഗോള സഹകരണം, വളർച്ച, ഊർജം എന്നീ വിഷയങ്ങളിൽ ഊന്നിയാണ് ലോക സാമ്പത്തിക ഫോറത്തിന്റെ പ്രത്യേക യോഗം റിയാദിൽ ചേരുന്നത്. ഗസ്സ, യുക്രൈൻ ഉൾപ്പെടെയുള്ള വിഷയങ്ങൾ ലോകത്തിന്റെ സാമ്പത്തിക രംഗത്ത് തന്നെ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ലോകത്തിന്റെ സാമ്പത്തിക രംഗത്തെ ബാധിക്കുന്ന വിഷയങ്ങളാണ് ആദ്യ ദിനം ചർച്ചയായത്. ലോക വിപണിയിലെ പ്രതിസന്ധി, പുതിയ സാങ്കേതിക വിദ്യകളിലെ മാറ്റം, പുത്തൻ മാറ്റങ്ങൾ ദരിദ്ര രാജ്യങ്ങൾക്ക് ലഭിക്കാത്തത് സൃഷ്ടിക്കുന്ന ആഗോള പ്രതിസന്ധി എന്നിവ ആദ്യ ദിനം ചർച്ചയായി. ഗസ്സയിലെ വിഷയം പ്രത്യേകമായി സൗദി അറേബ്യ യു.എസ് സ്റ്റേറ്റ് സെക്രട്ടറിയുമായി ചർച്ച ചെയ്യും. വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാനാണ് ഇക്കാര്യമറിയിച്ചത്.
ഗസ്സ വിഷയത്തിൽ ചർച്ചകളല്ല പരിഹാരമാണ് വേണ്ടതെന്ന് യുഎസ് സ്റ്റേറ്റ് സെക്രടറിയോട് ആവശ്യപ്പെടുമെന്ന് ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. ടൂറിസം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ വിഷയങ്ങളും ഫോറത്തിൽ ചർച്ചയായി. 2032 ആവുന്നതോടെ സൗദി ഉൾപ്പെടുന്ന രാജ്യങ്ങളിൽ ടൂറിസം വൻവളർച്ച നേടുമെന്ന് സൗദി ടൂറിസം മന്ത്രി അഹ്‌മദ് അൽ ഖതീബ് പറഞ്ഞു.12 രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാരും ജി.സി.സി മന്ത്രിമാരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. നാളെ യൂറോപ്യൻ യൂണിയൻ, ഐ.എം.എഫ് പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.
Adjust Story Font
16