പക്ഷാഘാതത്തെ തുടർന്ന് കിടപ്പിലായ പ്രവാസിയെ നാട്ടിലെത്തിച്ചു
പക്ഷാഘാതത്തെ തുടർന്ന് കിടപ്പിലായ, റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന പറളി കടവത്ത് മുഹമ്മദ് ഹസ്സനാർ എന്ന മോനുവിനെ നാട്ടിലെത്തിച്ചു. പറളി നാട്ടുകൂട്ടം വാട്‌സാപ്പ് ഗ്രൂപ്പിന്റെ പരിശ്രമഫലമായി ഇന്ത്യൻ എംബസിയുടെ സഹായത്തോടെയാണ് തുടർചികിത്സക്കായി അദ്ദേഹത്തെ നാട്ടിലെത്തിച്ചത്.
അഞ്ചുമാസം മുമ്പ് ഒരു സ്‌ട്രോക്ക് സംഭവിച്ച് റിയാദിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ ഹാർട്ട് അറ്റാക്ക് ഉണ്ടാകുകയും, തുടർന്ന് വയറിനുള്ളിൽ മൂന്ന് സർജറികൾ നടത്തുകയും ചെയ്തിരുന്നു.
പിന്നീട് ദീർഘനാൾ വെന്റിലേറ്ററിൽ കഴിഞ്ഞ മുഹമ്മദിനെ പറളി നാട്ടുകൂട്ടം ഗ്രൂപ്പ് പ്രവർത്തകരും , നാട്ടുകാരനായ സുരേഷ് ആനിക്കോടും ചേർന്ന് ഇന്ത്യൻ എംബസി മുഖാന്തിരം ടിക്കറ്റും മറ്റ് യാത്രാരേഖകളും തരപ്പെടുത്തി സ്ട്രെക്ച്ചർ യാത്രക്കാരനായി ബുധനാഴ്ച പുലർച്ചെ നാട്ടിലെത്തിക്കുകയായിരുന്നു.
പറളി നാട്ടുകൂട്ടം പ്രവർത്തകനായ മുഹമ്മദിനെയും സഹായിയായ ബന്ധു മനാഫിനെയും യാത്രയാക്കാൻ റിയാസ് പറളി, റഹീം, സുരേഷ് ആനിക്കോട് എന്നിവർ റിയാദ് എയർപോർട്ടിൽ എത്തിയിരുന്നു. മോനുവിന്റെ ചികിത്സാസഹായങ്ങൾ ചെയ്ത മലയാളികളായ നഴ്‌സ് ആശാജോൺ, വൈഷ്ണവി, ശാലിനി തുടങ്ങിയരും, ഡോക്ടർമാരും ഹോസ്പിറ്റലിൽവെച്ച് യാത്രയാക്കി.
ഹബീബ് പറളിയും മുഹമ്മദിന്റെ സഹോദരൻ മുസ്തഫയും ചേർന്ന് നോർക്കയുടെ ആംബുലൻസിൽ കോഴിക്കോട് എയർപോർട്ടിൽനിന്നും ഇദ്ദേഹത്തെ പാലക്കാട് കരുണ ഹോസ്പിറ്റലിൽ എത്തിച്ചു. തുടർചികിത്സക്കായി മുഹമ്മദിനെ ഇന്ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കും. സഹകരിച്ച എല്ലാവർക്കും മുഹമ്മദിന്റെ കുടുംബവും പറളി നാട്ടുകൂട്ടം വാട്‌സാപ്പ് കൂട്ടായ്മയും നന്ദി അറിയിച്ചു.
Adjust Story Font
16