വ്യവസായ മേഖലയിലെ ലെവി ഇളവ് കാലാവധി നീട്ടി; പതിനൊന്നായിരത്തിലേറെ സ്ഥാപനങ്ങൾക്ക് ഗുണം ചെയ്യും
2025 ഡിസംബർ വരെയാണ് ലെവി ഇളവ് കാലാവധി നീട്ടിയത്
റിയാദ്: സൗദിയിൽ വ്യവസായ മേഖലയിൽ പ്രഖ്യാപിച്ച ലെവി ഇളവ് കാലാവധി നീട്ടിയത് പതിനൊന്നായിരത്തിലേറെ സ്ഥാപനങ്ങൾക്ക് ഗുണം ചെയ്യും. വ്യവസായ മേഖലക്ക് സൗദി ഭരണകൂടം നൽകുന്ന പ്രാധ്യാന്യമാണ് തീരുമാനത്തിൽ പ്രതിഫലിച്ചതെന്ന് മന്ത്രി ബന്ദർ അൽ കുറൈഫ് പറഞ്ഞു. 2025 ഡിസംബർ വരെയാണ് ഇളവ് നീട്ടിയിരുന്നത്.
2019ൽ സൗദി അറേബ്യ പ്രഖ്യാപിച്ചതാണ് വ്യവസായ സ്ഥാപനങ്ങൾക്കുള്ള ലെവി ഇളവ്. കോവിഡാനന്തരം വ്യവസായ മേഖലക്കുള്ള പ്രതിസന്ധി കുറക്കുകയായിരുന്നു ലക്ഷ്യം. ഓരോ വർഷവും ഈ ഇളവ് പുതുക്കി പോന്നു. ഈ വർഷം കാലാവധി അവസാനിക്കാനിരിക്കെയാണ് ഇന്നലെ വീണ്ടും ഇളവ് ദീർഘിപ്പിച്ചത്. ഇതോടെ 2025 ഡിസംബർ 12 വരെ ലെവി ഇളവ് തുടരും. വ്യവസായ മേഖലയിലെ സ്ഥാപനങ്ങൾക്ക് 3000 കോടിയോളം റിയാലാണ് ലെവി ഇളവിലൂടെ ലാഭിക്കാനാകുക.
പദ്ധതി ആദ്യമായി പ്രഖ്യാപിച്ച 2019ൽ ഈ ഇളവ് ലഭിച്ചത് 8,822 സ്ഥാപനങ്ങൾക്കായിരുന്നു. എന്നാൽ കഴിഞ്ഞ വർഷങ്ങളിൽ വ്യവസായ ശാലകളുടെ എണ്ണം വർധിച്ചു. ഈ മേഖലയിലെ തൊഴിലാളികളുടെ എണ്ണം 57 ശതമാനവും വർധിച്ചു. നിലവിൽ സൗദിയിലുള്ളത് 11,868 സ്ഥാപനങ്ങളാണ്. അതായത് മുവ്വായിരത്തിലേറെ വ്യവസായ ശാലകളുടെ വർധനവുണ്ടായി. ഇവരുടെയെല്ലാം ലെവി ഭരണകൂടം തന്നെ വഹിക്കും. ആറരലക്ഷം വിദേശ തൊഴിലാളികൾക്കാണ് ഇതിന്റെ ആശ്വാസം ലഭിക്കുന്നത്.
സൗദിയിലെ നിലവിലെ രീതിയനുസരിച്ച് ഓരോ തൊഴിലാളിക്കും താമസ രേഖയായ ഇഖാമ പുതുക്കാൻ ലെവിയും ഇൻഷൂറൻസും ഉൾപ്പെടെ പതിനായിരത്തിലേറെ റിയാൽ ചിലവാണ്. ഓരോ വർഷവും ഓരോ തൊഴിലാളിക്കും ഈ പണം നൽകൽ നിർബന്ധമാണ്. വിദേശികളുടെ എണ്ണം നിയന്ത്രിക്കാനാണ് ഈ ചട്ടം കൊണ്ടു വന്നത്. ഇതിലാണ് വ്യവസായ മേഖലയിൽ ഇളവ് തുടരുന്നത്.
Adjust Story Font
16