മദീനയിലെ ആദ്യ ഏകീകൃത വിസാ കേന്ദ്രം ഉദ്ഘാടനം ചെയ്തു
ഇന്ത്യക്കാരടക്കമുള്ള പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന മദീനയിലെ ആദ്യ ഏകീകൃത വിസാ കേന്ദ്രത്തിന്റ ഉദ്ഘാടനം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഡയരക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ മുനീര്‍ ബിന്‍ സാദ് നിര്‍വഹിച്ചു.
മദീന മേഖലയിലെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ആവശ്യമായ സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനും സുഗമമാക്കാനും ലക്ഷ്യമിട്ടാണ് പുതിയ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. താമസക്കാരുടെ പാസ്പോര്‍ട്ട് പുതുക്കുക, വിവിധ രാജ്യങ്ങളിലേക്കുള്ള പ്രവേശന വിസ അനുവദിക്കുക തുടങ്ങിയ സേവനങ്ങള്‍ക്ക് ഇനി കേന്ദ്രത്തെ സമീപിച്ചാല്‍ മതിയാകും. പുതിയ കേന്ദ്രം തുറന്നതോടെ ജനങ്ങളുടെ സമയനഷ്ടവും മറ്റു ബന്ധപ്പെട്ട പ്രയാസങ്ങളും ലഘൂകരിക്കാന്‍ സാധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
എല്ലാ വിസാ സേവനങ്ങളും പാസ്പോര്‍ട്ട് സേവനങ്ങളും ചേംബറിന്റെ ആസ്ഥാനത്ത് നിന്ന് തന്നെ നല്‍കുകയെന്ന ലക്ഷ്യത്തോടെ 'വിഎഫ്എസ് ഗ്ലോബല്‍' കമ്പനിയുമായി അടുത്തിടെ ഒരു കരാര്‍ ഒപ്പിട്ടതായും അധികൃതര്‍ അറിയിച്ചു.
ഇന്ത്യ, ഫിലിപ്പീന്‍സ്, ശ്രീലങ്ക തുടങ്ങിയ നിരവധി രാജ്യങ്ങളുടെ പാസ്പോര്‍ട്ടുകള്‍ പുതുക്കുക, ബ്രിട്ടന്‍, ഗ്രീസ്, ഫ്രാന്‍സ് എന്നിവയുള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളിലേക്ക് വിസകള്‍ അനുവദിക്കുക തുടങ്ങിയ നിരവധി സേവനങ്ങള്‍ ഏകീകൃത വിസ കേന്ദ്രത്തില്‍നിന്ന് ലഭിക്കുമെന്നും അവര്‍ സൂചിപ്പിച്ചു.
Adjust Story Font
16