യുനസ്കോ പൈതൃക കമ്മീഷൻ അന്താരാഷ്ട്ര സമ്മേളനത്തിന് റിയാദിൽ തുടക്കമായി
ലോക പൈതൃക കേന്ദ്രങ്ങൾ സംരക്ഷിക്കും
യുനസ്കോയുടെ വേൾഡ് ഹെറിറ്റേജ് കമ്മിറ്റിയുടെ പ്രത്യേക സമ്മേളനത്തിന് റിയാദിലെ മുറബ്ബയിൽ പ്രൗഢമായ തുടക്കം. ലോകത്തിലെ വിവിധ പൈതൃക കേന്ദ്രങ്ങളുടെ പരിഷ്കരിച്ച പട്ടികക്ക് കമ്മീഷൻ സമ്മേളനത്തിൽ അംഗീകാരം നൽകും. മൊറോക്കോയിൽ തകർന്ന പൈതൃക കേന്ദ്രങ്ങളുടെ വിഷയവും ചർച്ചയിലുണ്ടാകും. സൗദിയിലെ പുരാവസ്തു കേന്ദ്രങ്ങൾ യുനസ്കോ സംഘം സന്ദർശിക്കും.
ബത്ഹക്കടുത്തുള്ള മുറബ്ബ മ്യൂസിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങുകളോടെയാണ് 15 ദിനം നീളുന്ന 45-ാമത് യുനെസ്‌കോ വേൾഡ് ഹെറിറ്റേജ് കമ്മിറ്റിയുടെസെഷനുകൾക്ക് തുടക്കമായത്. ചെയർമാൻ സ്ഥാനം നിലവിൽ സൗദിക്കാണ്. നാലു വർഷത്തിന് ശേഷം യുനസ്കോ ഹെറിറ്റേജ് കമ്മിറ്റി അംഗങ്ങൾ നേരിട്ട് ഒത്തു ചേരുന്ന ആദ്യ സമ്മേളനത്തിന് കൂടിയാണ് റിയാദ് സാക്ഷ്യം വഹിക്കുന്നത്.
സെപ്തംബർ 25 വരെ വിവിധ സെഷനുകളിലായി ലോകത്തെ വിവിധ പൈതൃക കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കും. ലോക പൈതൃക കൺവെൻഷൻ തീരുമാനങ്ങൾ നടപ്പിലാക്കൽ, വേൾഡ് ഹെറിറ്റേജ് ഫണ്ടിന്റെ വിനിയോഗം, ലോക പൈതൃക പട്ടികയിൽ ഇടം അർഹിക്കുന്ന കേന്ദ്രങ്ങലെ നിർണയിക്കുക എന്നിവ ചർച്ചാ വിഷയങ്ങളാണ്. ബത്ഹക്കടുത്ത് ചരിത്രപ്രസിദ്ധമായ അൽ-മുറബ്ബ കൊട്ടാരത്തിൽ നടന്ന ആകർഷകമായ ഉദ്ഘാടന ചടങ്ങോടെയാണ് യുനെസ്‌കോ വേൾഡ് ഹെറിറ്റേജ് കമ്മിറ്റിയുടെ സമ്മേളനം ആരംഭിച്ചത്.
ലോകത്തെ വിവിധ സംസ്കാരങ്ങളിൽ അന്യംനിന്നു പോകുന്ന അതുല്യമായ സാംസ്കാരിക ചിഹ്നങ്ങളും, കേന്ദ്രങ്ങളും, പരിപാടികൾക്കും പിന്തുണ നൽകുകയാണ് സമ്മേളനത്തിലെ ഒരു സെഷൻ. ഒപ്പം ടൂറിസം രംഗത്ത് കുതിക്കുന്ന സൗദിക്ക് ആഗോള തലത്തിൽ സൗദിയിലെ പുരാവസ്തു കേന്ദ്രങ്ങൾ പരിചയപ്പെടുത്തണം. ഇതിന്റെ ഭാഗമായി അൽ ഉലാ, അൽ അഹ്സ, ദിരിയ്യ , ഹിസ്റ്റോറിക് ജിദ്ദ, ഹാഇലിലിലെ ശിലാ ലിഖിതങ്ങൾ , നജ്റാനിലെ ഹിമ എന്നിവയുൾപ്പെടെ സൗദിയിലെ ആറ് യുനെസ്കോ പൈതൃക കേന്ദ്രങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ സന്ദർശിക്കും. റിയാദ് ഫൈസലിയ ഹോട്ടലിലാണ് പ്രധാന സെഷനുകൾ. സമാപനം മുറബ്ബയിൽ തന്നെ നടക്കും.
Adjust Story Font
16