മക്കയിലെ ഹറമിൽ ആരോഗ്യ പ്രയാസമുള്ള ഉംറ തീർത്ഥാടകർക്ക് കർമങ്ങൾ പൂർത്തിയാക്കാനുള്ള ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം ഇരട്ടിയാക്കി
റമദാൻ തിരക്ക് പരിഗണിച്ചാണ് നടപടി

ജിദ്ദ: മക്കയിലെ ഹറമിൽ ആരോഗ്യ പ്രയാസമുള്ള ഉംറ തീർത്ഥാടകർക്ക് കർമങ്ങൾ പൂർത്തിയാക്കാനുള്ള ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം ഇരട്ടിയാക്കി. ഹറമിനകത്ത് നടന്ന് കർമ്മങ്ങൾ നിർവഹിക്കാൻ കഴിയാത്തവർക്കാണ് വാഹന സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്. കഅ്ബ പ്രദക്ഷിണവും, സഫാ-മർവക്കിടയിലെ പ്രയാണത്തിനും തീർത്ഥാടകരെ സഹായിക്കാനാണ് ഇവ. വീൽചെയർ, മാനുവൽ വാഹനങ്ങൾ, ഗോൾഫ് കാർ എന്നിവയുടെ സേവനങ്ങളാണ് ഹറമിലുള്ളത്. ഇവക്ക് മാത്രമായി ഹറമിൽ പ്രത്യേക പാലം തന്നെ നിർമ്മിച്ചിട്ടുണ്ട്. 200 മീറ്റർ നീളവും അഞ്ചു മീറ്റർ വീതിയുമുള്ള ഈ ഇരുമ്പുപാലമാണ് ഷബീക്ക പാലം. വീൽചെയറുകൾ സൗജന്യമായി ആർക്കും ഉപയോഗപ്പെടുത്താവുന്നതാണ്. ഹറമിന്റെ പത്തൊമ്പതാം വാതിലിനും ഷബീക്ക പാലത്തിനും അടുത്തുനിന്നും ഇവ ഫ്രീ ആയി ലഭിക്കും. കൂടാതെ, സ്വന്തമായി ഉപയോഗിക്കാവുന്ന മാനുവൽ വാഹനങ്ങൾ ഹറമിന്റെ 14, 16 ഡോറുകൾക്ക് സമീപവും ഷബീക്ക പാലത്തിനടുത്തും ടോയ്ലറ്റ് നമ്പർ രണ്ടിനടുത്തും ലഭ്യമാണ്. 10 പേർക്ക് യാത്ര ചെയ്യാവുന്ന വലിയ ഇലക്ട്രിക് വാഹനങ്ങൾ അജിയാദ് പാലത്തിനടുത്തും ഷബീക്ക പാലത്തിനടുത്തും നിന്നുമാണ് ലഭ്യമാവുക. ഇവയ്ക്ക് ത്വവാഫിന് 50 റിയാലും സഫാ മർവാ പ്രയാണത്തിന് 50 റിയാലും ഈടാക്കുന്നുണ്ട്. തനക്കുൽ ആപ്പ് വഴിയും നേരിട്ടും ബുക്കിങ്ങുകൾ സ്വീകരിക്കുന്നുണ്ട്. തിരക്കൊഴിവാക്കുന്നതിനും തീർത്ഥാടകരുടെ കർമ്മങ്ങൾ സുഖമാക്കുന്നതിനുമാണ് ഹറം കാര്യവിഭാഗം പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയത്.
Adjust Story Font
16