ഗസ്സയിലെ ഫലസ്തീൻ ജനതയ്ക്കായി സൗദി ഭരണകൂടം ജനകീയ ഫണ്ട് കലക്ഷൻ തുടങ്ങി
സൗദി രാജാവും കിരീടാവകാശിയും ഫണ്ടിങിന് തുടക്കം കുറിച്ച് അമ്പത് കോടി റിയാൽ സംഭാവന ചെയ്തു
റിയാദ്: ഇസ്രായേൽ ആക്രമണത്തിനിരയായി കൊണ്ടിരിക്കുന്ന ഗസ്സ മുനമ്പിലെ ഫലസ്തീൻ ജനതയ്ക്കായി സൗദി ഭരണകൂടം ജനകീയ ഫണ്ട് കലക്ഷൻ തുടങ്ങി. കലക്ഷൻ പ്രഖ്യാപിച്ച് ആദ്യ മണിക്കൂറുകളിൽ തന്നെ രണ്ട് ലക്ഷത്തോളം പേർ മുന്നൂറ് കോടിയോളം രൂപ സംഭാവന നൽകി. സൗദി രാജാവും കിരീടാവകാശിയും ഫണ്ടിങിന് തുടക്കം കുറിച്ച് അമ്പത് കോടി റിയാൽ സംഭാവന ചെയ്തു.
ഇന്ന് രാവിലെയാണ് സൗദി അറേബ്യ ജനകീയ സംഭാവന കാമ്പയിൻ ആരംഭിച്ചത്. സൽമാൻ രാജാവ് 30 മില്യൻ റിയാലും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ 20 മില്യൻ റിയാലും സംഭാവന നൽകി. തൊട്ടു പിന്നാലെ ഫണ്ടിങിന് വേഗമേറി. സൗദി പ്രാദേശിക സമയം രാത്രി എട്ടുവരെ മാത്രം രണ്ട് ലക്ഷത്തോളം പേർ ചേർന്ന് മുന്നൂറ് കോടിയോളം രൂപയ്ക്കടുത്ത് സംഭാവന നൽകിയിട്ടുണ്ട്. കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സാഹം പ്ലാറ്റ്ഫോം വഴിയാണ് ജനകീയ ഫണ്ട് ശേഖരണ കാമ്പയിൻ. ഇതിന് കാലപരിതി നിശ്ചിയിച്ചിട്ടില്ല.
യുദ്ധവും ആക്രമണവും തീരും വരെ സഹായം തുടരും. ഫണ്ടിലൂടെ ലഭിക്കുന്ന തുകയുപയോഗിച്ച് മരുന്ന് ഭക്ഷണം വെള്ളം പാർപ്പിട സംവിധാനം എന്നിവ സൗദി എത്തിക്കും. പ്രതിസന്ധികളിലും ദുരിതങ്ങളിലും ഫലസ്തീനൊപ്പം നിൽക്കാൻ സൗദി അറേബ്യയുടെ ചരിത്രപരമായ പങ്കിന്റെ ചട്ടക്കൂടിലാണ് ഈ ജനകീയ സംഭാവന കാമ്പയിൻ ആരംഭിക്കുന്നതെന്ന് സെന്ററിന്റെ ജനറൽ സൂപ്പർവൈസർ ഡോ. അബ്ദുല്ല അൽറബീഅ അറിയിച്ചു. ഫലസ്തീൻ ജനതക്ക് സാമ്പത്തിക പിന്തുണ നൽകുന്ന രാജ്യങ്ങളിലെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് സൗദി അറേബ്യ. ഗസ്സയിലെ ഇസ്രയേൽ ആക്രമണ മുഖത്ത് ഇത് ഗസ്സക്ക് സഹായകരമാകും.
Adjust Story Font
16