സൗദിയിൽ ദേശീയ ചാരിറ്റി കാമ്പയിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമായി
കഴിഞ്ഞ വർഷം മുതൽ തുടക്കം കുറിച്ച ഏകീകൃത ചാരിറ്റി ഓർഗനൈസേഷനു കീഴിലാണ് ഇത്തവണയും ചാരിറ്റി പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്
റിയാദ്: സൗദിയിൽ ദേശീയ ചാരിറ്റി കാമ്പയിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമായി. ഭരണാധികാരി സൽമാൻ രാജാവ് മുപ്പത് ദശലക്ഷം റിയാൽ നൽകി കാമ്പയിൻ ഉദ്ഘാടനം നിർവ്വഹിച്ചു. കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇരുപത് ദശലക്ഷം റിയാലും ചാരിറ്റി പ്രവർത്തനങ്ങളിലേക്ക് സംഭാവന നൽകി.
കഴിഞ്ഞ വർഷം മുതൽ തുടക്കം കുറിച്ച ഏകീകൃത ചാരിറ്റി ഓർഗനൈസേഷനു കീഴിലാണ് ഇത്തവണയും ചാരിറ്റി പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. ദേശീയ തലത്തിൽ രൂപീകരിച്ച ഇഹ്സാൻ പ്ലാറ്റ്ഫോമിലേക്കാണ് സംഭാവനകൾ സ്വീകരിക്കുക. പദ്ധതിയുടെ രണ്ടാം ഘട്ട ഉദ്ഘാടനം ഭരണാധികാരി സൽമാൻ രാജാവ് നിർവ്വഹിച്ചു. പദ്ധതിയിലേക്കുള്ള ആദ്യ സഹായമായി മുപ്പത് ദശലക്ഷം റിയാൽ അനുവദിക്കുകയും ചെയ്തു. കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇരുപത് ദശലക്ഷം റിയാൽ നൽകി പദ്ധതിയിൽ പങ്കാളിയായി.
സൗദി ഡാറ്റാ ആന്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് കീഴിലാണ് ഇഹ്സാൻ പ്രവർത്തിച്ചു വരുന്നത്. പ്രാദേശികവും അന്തർദേശീയവുമായ ചാരിറ്റി പ്രവർത്തനങ്ങൾക്കുള്ള തുക കണ്ടെത്തുന്നതിന്റെ ഭാഗമയാണ് ഇഹ്സാൻ രൂപം നല്കിയത്. ഭരണാധികാരികളുടെ ഉദാരമായ സംഭാവനക്ക് ഇഹ്സാൻ സൂപ്പർവൈസറി കമ്മിറ്റി ചെയർമാൻ ഡോ. അബ്ദുല്ല ബിൻ ഷറഫ് അൽ ഗാംദി നന്ദി രേഖപ്പെടുത്തി. ഇത് രാജ്യത്തെ പൗരൻമാർക്കും വിദേശികൾക്കും കൂടുതൽ പ്രചോദനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി വഴി ഇതിനകം നാല് ദശലക്ഷത്തിലധികം പേരെ നേരിട്ട് സഹായിച്ചതായും ഇതിനായി 391 മില്യണിലധികം ഡോളർ ചിലവഴിച്ചതായും ചെയർമാൻ വെളിപ്പെടുത്തി.
Adjust Story Font
16