ഭാര്യ മരിച്ച ദു:ഖത്തിൽ 12 വർഷമായി നാട്ടിൽ പോയില്ല; അസുഖബാധിതനായ മലയാളിയെ ഒടുവിൽ നാട്ടിലേക്കയച്ചു
നാൽപ്പത് വർഷമായി പ്രവാസ ജീവിതം നയിച്ച പെരുമ്പിലാവ് സ്വദേശി പീറ്ററിനെയാണ് നാട്ടിലേക്ക് അയച്ചത്
ദമ്മാം: ഭാര്യ മരിച്ച വേദനയിൽ പന്ത്രണ്ട് വർഷമായി നാട്ടിൽ പോകാതിരുന്ന മലയാളിയെ സാമൂഹ്യ പ്രവർത്തകരുടെയും സൗദി മാനവവിഭവശേഷി മന്ത്രാലയ ഉദ്യോഗസ്ഥരുടെയും ഇടപെടലിൽ നാട്ടിലെത്തിച്ചു. ദമ്മാമിൽ നാൽപ്പത് വർഷമായി പ്രവാസ ജീവിതം നയിച്ച പെരുമ്പിലാവ് സ്വദേശി പീറ്ററിനെയാണ് നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് അയച്ചത്.
നാൽപ്പത് വർഷമായി ദമ്മാമിലെ സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയാണിദ്ദേഹം. പന്ത്രണ്ട് വർഷം മുമ്പ് ഭാര്യ മരിച്ചതിൽ പിന്നെ നാട്ടിൽ പോയിട്ടില്ല. 76 വയസ്സ് പ്രായമുള്ള പീറ്റർ മാസങ്ങളായി രോഗം പിടിപെട്ട് ദുരിതത്തിലായിട്ട്. ജോലിയും ശമ്പളവും ഇല്ലാതായതോടെ ചികിത്സയും മുടങ്ങി. ഒടുവിൽ ഓർമ്മ ശക്തികൂടി നഷ്ടപ്പെട്ടതോടെ പ്രവാസത്തിൽ ഒറ്റപ്പെടുകയായിരുന്നു. വിവരമറിഞ്ഞ സാമൂഹ്യ പ്രവർത്തകന് മണിക്കുട്ടൻ ഇടപെട്ട് അടിയന്തിര ചികിത്സ ലഭ്യമാക്കി. ശേഷം ഇന്ത്യൻ എംബസി വഴി കേസ് അൽഖോബാർ ലേബർ ഓഫീസിൽ എത്തിക്കുകയും നിയമ നടപടികളും കമ്പനിയിയിൽ നിന്നും സർവീസ് മണിയുൾപ്പെടെയുള്ള ആനുകൂല്യങ്ങളും ലഭ്യമാക്കി. അൽഖോബാർ ലേബാർ ഓഫീസ് സെകന്റ് സെക്രട്ടറി സദ്ദാം വിഷയത്തിൽ നേരിട്ട് ഇടപെടുകയും എക്സിറ്റ് നടപടികൾ വേഗത്തിൽ പൂർത്തീകരിച്ച് നൽകുകയും ചെയ്തു. കമ്പനി വിമാന ടിക്കറ്റ് കൂടി നൽകിയതോടെ ഇന്ന് ഉച്ചയ്ക്ക പീറ്റർ കൊച്ചിയിലേക്ക് യാത്രയായി.
Adjust Story Font
16