മക്കയിൽ ഉംറ തീർത്ഥാടനം ആരംഭിച്ചു; വിദേശ തീർത്ഥാടകര്‍ അടുത്ത മാസമെത്തും
ആഭ്യന്തര തീർത്ഥാടകർക്ക് മാത്രമാണ് ഇപ്പോൾ ഉംറക്ക് അനുമതിയുള്ളത്. വൈകാതെ തന്നെ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്കും അനുമതി നൽകുമെന്നാണ് സൂചന
മക്കയിൽ ആഭ്യന്തര ഉംറ തീർത്ഥാടനം പുനരാരംഭിച്ചു. മക്കയിലും മദീനയിലും വിശ്വാസികളെ സ്വീകരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. ഹജ്ജ് തീർത്ഥാടനടത്തിന്‍റെ ഭാഗമായി ഉംറ തീർത്ഥാടനം താൽക്കാലികമായി നിർത്തിവെച്ചിരുന്നു.
ഹജ്ജ് തീർത്ഥാടനം ആരംഭിക്കുന്നതിന്‍റെ ഭാഗമായി ജൂലൈ 11ന് നിര്‍ത്തി വെച്ചതായിരുന്നു ഉംറ തീർത്ഥാടനം. ഹജ്ജ് തീർത്ഥാടകർ മടങ്ങിയ ശേഷം ഹറമിലും മുറ്റങ്ങളിലും അണുനശീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷം ഇന്ന് പുലർച്ചെ മുതലാണ് ഉംറ തീർത്ഥാടകർ ഹറമിലെത്തി തുടങ്ങിയത്. ആഭ്യന്തര തീർത്ഥാടകർക്ക് മാത്രമാണ് ഇപ്പോൾ ഉംറക്ക് അനുമതിയുള്ളത്. വൈകാതെ തന്നെ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്കും അനുമതി നൽകുമെന്നാണ് സൂചന.
എന്നാൽ ഏതെല്ലാം രാജ്യങ്ങളിലുള്ളവർക്കാണ് അനുമതി നൽകുക എന്നത് ഇപ്പോൾ വ്യക്തമല്ല. നിലവിൽ വ്കാസിനെടുത്ത് ഇമ്മ്യൂൺ ആയവർക്ക് മാത്രമേ ഹറമിലേക്ക് പ്രവേശനം അനുവദിക്കൂ. മക്കയിൽ ബാബ് അലി, കുദായ്, അജിയാദ്, ശുബൈക്ക എന്നീ നാല് സ്ഥലങ്ങളാണ് തീർത്ഥാടകരേയും വിശ്വാസികളേയും സ്വീകരിക്കുന്നതിനായി ക്രമീകരിച്ചിട്ടുള്ളത്. മദീനയിലെ മസ്ജിദുനബവിയിലും വിശ്വാസികളെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ സജീവമാണ്. റൗളാ ശരീഫിൽ നമസ്‌കരിക്കുന്നതിനും പ്രാർത്ഥിക്കുന്നതിനും രാത്രി 10 മുതൽ പുലർച്ചെ 2.30 വരെ കൂടി പുരുഷന്മാർക്കും സ്ത്രീകൾക്കും സമയമനുവദിക്കുമെന്ന് മസ്ജിദു നബവി കാര്യാലയം അറിയിച്ചു. ഹജ്ജിന് മുമ്പുണ്ടായിരുന്ന അതേ രീതിയിൽ തവക്കൽനാ ഇഅ്തമർനാ ആപ്പുകൾ വഴി ഉംറക്കും മറ്റ് കർമ്മങ്ങൾക്കും അനുമതിപത്രം നേടാം.
Adjust Story Font
16